കണ്ണീർ ഭൂമിയായി തുര്‍ക്കിയും സിറിയയും; മരണ സംഖ്യ കുത്തനെ ഉയരുന്നു, പതിനായിരങ്ങൾക്ക് പരിക്കേറ്റു
text_fieldsഇസ്താംബുൾ: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിബ് ഉർദുഗാൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 1,400ൽ ഏറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
ദക്ഷിണ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിലും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.
തുർക്കിയയെയും സിറിയയെയും വിറപ്പിച്ച ഭൂകമ്പത്തെ തുടർന്ന് താമസ സൗകര്യങ്ങൾ നഷ്ടമായവർ കൊടും ദുരിതത്തിലാണ്. കടുത്ത ശൈത്യത്തിൽ തുറസായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും ദുരവസ്ഥ വിവരണാതീതമാണെന്ന് അൽജസീറ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധരിച്ച വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവർക്ക് തണുപ്പിനെ മറികടക്കാൻ വഴിയില്ല. തുടർചലനങ്ങൾ തുടരുന്നതിനാൽ തകരാത്ത കെട്ടിടങ്ങളിലേക്ക് മടങ്ങാനും ഭയപ്പെടുകയാണ്. മഞ്ഞും മഴയും അടക്കമുള്ള കാലാവസ്ഥയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പം ദുരിതംവിതച്ച ചില മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് കടന്നുചെല്ലാനായിട്ടില്ല. മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നതായി തുർക്കിയ വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തേ പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം എത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.