ഫിലിപ് രാജകുമാരന്‍റെ വേർപാടിൽ തേങ്ങി ഇംഗ്ലണ്ട്; അനുശോചിച്ച് ലോകം
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ ഫിലിപ് രാജകുമാരന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെ നാഴികമണികൾ 99 തവണ അടിച്ചും രാജ്യം ദുഃഖത്തിന്‍റെ ഭാഗമായപ്പോൾ പതിനായിരങ്ങൾ ബക്കിങ്ഹാം കൊട്ടാര മുറ്റത്ത് പൂക്കളുമായെത്തി രാജകുടുംബത്തിന്‍റെ വേദനക്കൊപ്പംനിന്നു.
നീണ്ട 73 വർഷമെന്ന റെക്കോഡ് കാലഘട്ടം എലിസബത്ത് രാജ്ഞിയുടെ കരുത്തും കരുതലുമായി ഒപ്പമുണ്ടായിരുന്ന ഫിലിപ് രാജകുമാരൻ 99ാം വയസ്സിൽ വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കൊട്ടാരത്തിലാണ് അവസാനശ്വാസം വലിച്ചത്. 100ാം ജന്മദിനം ആഘോഷിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെയായിരുന്നു വിയോഗം.
മേയ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാഷ്ട്രീയ കക്ഷികൾ ആദരമർപിച്ച് പ്രചാരണ പരിപാടികൾ തത്കാലം നിർത്തിവെച്ചു. ടെലിവിഷൻ ചാനലുകൾ പതിവു പരിപാടികൾക്കു പകരം ആദരമർപിക്കുന്ന ചടങ്ങുകളുടെ തത്സമയം മാത്രമായി ചുരുക്കി. അന്ത്യയാത്ര പൂർത്തിയാകുന്നവരെ എട്ടു ദിവസം രാജ്യത്ത് ദുഃഖാചരണം നിലനിൽക്കും.
അന്ത്യയാത്രക്കുള്ള ചടങ്ങുകൾ തീരുമാനമായിട്ടില്ല. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാനടപടികൾ പാലിച്ചായിരിക്കും അന്ത്യോപചാര നടപടികൾ. ലണ്ടനിലും വിൻഡ്സറിലും മൃതദേഹം വഹിച്ചുള്ള വിലാപ യാത്രകൾ ഭാഗികമായോ പൂർണമായോ ഉപേക്ഷിക്കും. 30ൽ കൂടുതൽ പേർക്ക് അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുക്കാനാകില്ലെന്നണ് നിലവിലെ സർക്കാർ ചട്ടം. എന്നാൽ, വിവിധ ലോക നേതാക്കൾ ഉൾപെടെ 800 പേർ കൊട്ടാരത്തിലെത്തുമെന്നാണ് കരുതുന്നത്. രാജകുടുംബത്തിൽനിന്ന് വിട്ടുനിൽക്കുന്ന ഹാരി രാജകുമാരനും എത്തിയേക്കും.
കോവിഡ് പശ്ചാത്തലത്തിൽ രാജകുടുംബങ്ങളിൽ തിങ്ങിക്കൂടുന്നത് ഉപേക്ഷിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുഷ്പാഞ്ജലി അർപിക്കുന്നതിന് പകരം നല്ല സേവനങ്ങൾക്ക് സംഭാവന അർപിക്കുന്നത് പരിഗണിക്കാനും നിർദേശമുണ്ട്.
മരണത്തിൽ അനുശോചിച്ച് തോക്കുകൊണ്ടുള്ള അന്ത്യോപചാരം ശനിയാഴ്ച നടക്കും. ഒന്നാം ലോക യുദ്ധ കാലെത്ത ആറ് 13-പൗണ്ടർ ഫീൽഡ് തോക്കുകളാണ് ഉപയോഗിക്കുക.
ഈ തണലിൽ ഒത്തിരി കാലം
2019ൽ പൂർണ വിശ്രമത്തിലേക്ക് മടങ്ങുംവരെ സജീവ സാന്നിധ്യമായി പൊതുജീവിതത്തിനൊപ്പം നടന്ന രാജകുടുംബത്തിൻെന്റ രക്ഷാധികാരിയും പിതാവുമാണ് ചരിത്രത്തിലേക്ക് മറയുന്നത്. പ്രായാധിക്യത്തിന്‍റെ അവശതകൾ തളർത്തിയപ്പോഴും ബ്രിട്ടീഷ് ജീവിതത്തിലെ നിയാമക ശക്തിയായി അത്ര പരസ്യമായിട്ടല്ലെങ്കിലും ഫിലിപ് രാജകുമാരൻ ഉണ്ടായിരുന്നു. 2011ൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇനി പൊതുജീവിതത്തിലേക്കില്ലെന്ന് പറഞ്ഞിരുന്നു. ആ വിഷയത്തിൽ മാത്രം പക്ഷേ, വാക്കു പാലിക്കാനായില്ല. എട്ടു വർഷം പിന്നെയും ഫിലിപ് രാജകുമാരനുണ്ടായിരുന്നു, രാജ്ഞിക്ക് കൂട്ടായും രാജ്യത്തിന് തണലായും. 2019ൽ ഒരു കാർ അപകടത്തിൽ പരിക്കുപറ്റിയതോടെ ഇനി സ്വകാര്യതയിലേക്ക് ഒതുങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ലണ്ടൻ കിങ് എേഡ്വഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ രാജ്യം പ്രാർഥനയിലായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തെ ആധുനികതയിലേക്ക് നയിച്ച വ്യക്തിത്വമായാണ് ഫിലിപ് രാജകുമാരൻ ആദരിക്കപ്പെടുന്നത്. കവിതയിലും ഒപ്പം മതമീമാംസയിലും അവഗാഹമുണ്ടായിരുന്നതിനൊപ്പം വിശാലമായ കലാ സൃഷ്ടികളുടെ ശേഖരവും 11,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറിയും സൂക്ഷിച്ച അദ്ദേഹം രാജഭരണത്തിൽ നേരിട്ട് പങ്കില്ലാത്തതിനാൽ റോയൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെഫ് പീപ്ൾ പോലുള്ള സംഘടനകളുടെയും സമാന പ്രവർത്തനങ്ങളുടെയും അമരക്കാരനായി. ലോക വന്യജീവി ഫണ്ടിന്‍റെ അന്താരാഷ്ട്ര പ്രസിഡന്‍റായും പ്രവർത്തിച്ചു. 40ാം വയസ്സുവരെ പോളോയിൽ മികവു തെളിയിച്ച ശേഷം അതുപേക്ഷിച്ച് കാറോട്ടത്തിലും ചുവടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.