ഫിലിപ് രാജകുമാരന് ബ്രിട്ടൻ വിട നൽകി; തനിച്ച് പ്രാർഥനകളിൽ പങ്കുകൊണ്ട് എലിസബത്ത് രാജ്ഞി
text_fieldsലണ്ടൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ് രാജകുമാരന് ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ് ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി.
ഭർത്താവിന്‍റെ സംസ്കാരച്ചടങ്ങിലും പ്രാർഥനകളിലും തനിച്ചാണ് എലിസബത്ത് രാജ്ഞി പങ്കുകൊണ്ടത്. രാജകുടുംബാംഗങ്ങളെല്ലാം സന്നിഹിതരായിരുന്നെങ്കിലും അവരിൽ നിന്ന് അകലം പാലിച്ച്, കറുത്ത വേഷവും മുഖാവരണവുമണിഞ്ഞ് രാജ്ഞി ചാപ്പലിൽ ഒറ്റയ്ക്കിരുന്ന് പ്രാർഥനകളിൽ പങ്കെടുത്തു. കുടുംബ കല്ലറയിലേക്കു ഫിലിപ് രാജകുമാരന്‍റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടി താഴ്ത്തിയതിനുശേഷമാണ് രാജ്‍ഞി ചാപ്പലിൽനിന്നു പുറത്തിറങ്ങിയത്. മറ്റു രാജകുടുംബാംഗങ്ങളും അവരെ അനുഗമിച്ചു.
സംസ്കാരച്ചടങ്ങിൽ മകൻ ചാൾസ് രാജകുമാരൻ അടക്കം മുപ്പതോളം രാജകുടുംബാംഗങ്ങളാണ് പങ്കെടുത്തത്. കൊച്ചുമക്കളായ വില്യമും ഹാരിയും സന്നിഹിതരായിരുന്നു. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഹാരി സഹോദരൻ വില്യമും ഭാര്യ കേറ്റും ആയി ഏറെ നാളുകൾക്ക് ശേഷം സംസാരിച്ചതും മാധ്യമശ്രദ്ധ നേടി. രാജകുടുംബത്തിൽ നടക്കുന്ന വിവേചനങ്ങളെ കുറിച്ച് ഹാരിയും ഭാര്യ മേഗനും തുറന്നടിച്ചത് സംബന്ധിച്ച വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.
99–ാം വയസ്സിൽ ഈമാസം ഒമ്പതിനായിരുന്നു ഫിലിപിന്‍റെ മരണം. ബ്രിട്ടനിലെ ആറാം ജോര്‍ജ് രാജാവിന്‍റെ മൂത്തമകളായ എലിസബത്തുമായി 1947 നവംബറിലായിരുന്നു വിവാഹം. ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകീയ പദവികള്‍ ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ശേഷമാണ് ഫിലിപ് എലിസബത്തിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ജോര്‍ജ് ആറാമന്‍ രാജാവ് അദ്ദേഹത്തിനു എഡിന്‍ബറ പ്രഭു എന്ന പുതിയ പദവി നല്‍കുകയായിരുന്നു. 'എന്‍റെ ശക്തിയും കരുത്തും' എന്നാണ് ഫിലിപ് രാജകുമാരനെ എലിസബത്ത് രാജ്ഞി വിശേഷിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.