രാജ്ഞിയുടെ വിലാപയാത്ര: കണ്ണീർ പൂക്കളുമായി ആയിരങ്ങൾ
text_fieldsലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ശവപേടകവുമായി വിലാപയാത്ര നടത്തി. ഞായറാഴ്ച ബാൽമോറൽ കാസിലിൽനിന്ന് ആരംഭിച്ച വിലാപയാത്ര ആറ് മണിക്കൂറിന് ശേഷം എഡിൻബർഗിലെ ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് പാലസിൽ സമാപിച്ചു.
ജനങ്ങൾ പാതയോരത്ത് നിന്ന് പുഷ്പവർഷം നടത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. രാജകുടുംബാംഗങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ തിങ്കളാഴ്ച വൈകീട്ട് വരെ മൃതദേഹം ഹോളിറൂഡ്ഹൗസിൽ സൂക്ഷിക്കും. ശേഷം ലണ്ടനിലേക്ക് വിലാപയാത്ര നടത്തും.
പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നാല് ദിവസം പാർലമെന്റ് സമുച്ചയത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ സൂക്ഷിക്കും.
സെപ്റ്റംബർ 19ന് രാവിലെ വെസ്റ്റ്മിൻസ്റ്റർ അബെയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടക്കുക. വിവിധ ലോകനേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യനിദ്ര.
സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിൽ 96ാം വയസ്സിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രാജ്ഞിയുടെ മരണം.
ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി. തുടർച്ചയായി 70 വർഷം ഇവർ ബ്രിട്ടന്റെ അധികാരത്തിലിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ചാൾസ് മൂന്നാമൻ രാജാവായി സ്ഥാനമേറ്റിരുന്നു. സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങ് പിന്നീടാണ് നടക്കുക.
വില്യമും ഹാരിയും പിണക്കം തീർത്തു
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണം അവരുടെ കൊച്ചുമക്കളും സഹോദരങ്ങളുമായ വില്യമിനും ഹാരിക്കുമിടയിലെ പിണക്കം തീരാൻ നിമിത്തമായി. കഴിഞ്ഞ വർഷം എലിസബത്ത് രാജ്ഞിയുടെ ഭർത്താവും മുത്തച്ഛനുമായ ഫിലിപ്പ് രാജകുമാരൻ മരിച്ചപ്പോൾ വില്യമും ഹാരിയും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. ജൂണിൽ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലും സഹോദരങ്ങൾ ഒന്നിച്ചില്ല. രാജ്ഞിയുടെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരിയെയും ഭാര്യ മേഗനെയും ക്ഷണിച്ചതായി വില്യം വ്യക്തമാക്കിയിരുന്നു.
ആദ്യം ഹാരി തനിച്ചാണ് വന്നത്. ശനിയാഴ്ച വൈകീട്ടോടെ മേഗൻ രാജ്ഞിയെ അവസാനമായി കാണാൻ യു.എസിൽനിന്നെത്തിയത് മഞ്ഞുരുക്കി. 2018ൽ ഹാരി യു.എസ് നടിയായ മേഗനെ വിവാഹം കഴിച്ചതോടെയാണ് കുടുംബബന്ധത്തിൽ വിള്ളൽ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.