ഖുർആൻ കത്തിക്കൽ വിവാദം; ഇറാഖിലെ സ്വീഡിഷ് എംബസി പ്രതിഷേധക്കാർ കൈയേറി
text_fieldsബഗ്ദാദ്: സ്വീഡനിൽ രണ്ടാമതും ഖുർആൻ കത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ഇറാഖിലെ സ്വീഡിഷ് എംബസി കൈയേറി. എംബസി കെട്ടിടത്തിന്റെ മതിൽ ചാടിക്കടന്ന് അകത്തുകടന്ന പ്രതിഷേധക്കാർ ചെറിയതോതിൽ എംബസി വളപ്പിൽ തീയിടുകയും ചെയ്തു. ശിയ ആത്മീയ-രാഷ്ട്രീയ നേതാവ് മുഖ്തഖ അൽ സദ്റിനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധം നടത്തിയത്.
പ്രതിഷേധക്കാർ എംബസി കൈയേറി മണിക്കൂറുകൾക്കകം സ്വീഡിഷ് അംബാസഡറെ പുറത്താക്കിയതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനി പറഞ്ഞു. ഇതോടൊപ്പം സ്വീഡനിലെ തങ്ങളുടെ ഷർഷെ ദഫേയെ (ചാർജ് ഡി അഫയേഴ്സ്) തിരിച്ചു വിളിച്ചതായും അദ്ദേഹം അറിയിച്ചു.
ഇതിനു പുറമെ പ്രമുഖ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണിന് ഇറാഖിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വീണ്ടും ഖുർആൻ കത്തിക്കുകയാണെങ്കിൽ സ്വീഡനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നും ഇറാഖ് മുന്നറിയിപ്പ് നൽകി. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിലെ ഇറാഖ് എംബസിക്കു മുന്നിൽ ഖുർആൻ കത്തിക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്.
ഇതേതുടർന്നാണ് ഇറാഖിലെ സ്വീഡിഷ് എംബസി കത്തിക്കാൻ അൽ സദ്ർ അനുയായികൾ ആഹ്വാനംചെയ്തത്. എന്നാൽ, സ്വീഡനിലെ ഇറാഖ് എംബസിക്കു മുന്നിൽ പ്രതിഷേധിച്ചവർ ഖുർആനാണെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ട പുസ്തകം ഭാഗികമായി കേടുവരുത്തിയെങ്കിലും കത്തിച്ചില്ല.
ഇറാഖിലെ സ്വീഡിഷ്, ഫിൻലൻഡ് എംബസികളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഫിൻലൻഡ് അംബാസഡർ മാറ്റി ലസ്സില പറഞ്ഞു. സ്വീഡിഷ് എംബസിയോട് ചേർന്നാണ് ഫിൻലൻഡ് എംബസിയുമുള്ളത്. എംബസി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്വീഡൻ വിദേശ മന്ത്രാലയം അറിയിച്ചു. സംഭവത്തെ അപലപിച്ച സ്വീഡൻ, നയതന്ത്ര സംവിധാനങ്ങൾക്ക് ഇറാഖ് അധികൃതർ സുരക്ഷ നൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സംഭവത്തെ അമേരിക്കയും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.