മൊറോക്കോ ഭൂകമ്പം: മരണസംഖ്യ രണ്ടായിരം കടന്നു
text_fieldsറബാത്: മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2012 പേർ ഭൂകമ്പത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. 2059 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് നിരവധി പേർക്ക് വീട് നഷ്ടമായി. മൊറോക്കയിൽ മൂന്ന് ദിവസത്തെ ദുഃഖചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂകമ്പമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആശുപത്രികളിലും സൈനിക ഡോക്ടർമാരുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. ചരിത്ര നഗരമായ മറാകിഷിനും സമീപത്തുള്ള അഞ്ച് പ്രവിശ്യകളിലുമുള്ളവരാണ് ഭൂകമ്പത്തിൽ മരിച്ചത്.
പ്രാദേശിക സമയം രാത്രി 11.11നാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് നിരവധി സെക്കന്റുകൾ നീണ്ടു. 19 മിനിറ്റിനുശേഷം 4.9 രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. അൽഹോസ് പ്രവിശ്യയിലെ ഇഗിൽ പട്ടണത്തിനടുത്താണ് പ്രഭവകേന്ദ്രം. ഇത് മറാകിഷിന് 70 കിലോമീറ്റർ തെക്കാണ് സ്ഥിതി ചെയ്യുന്നത്. ഭൗമോപരിതലത്തിൽനിന്ന് 18 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്ര ഏജൻസി അറിയിച്ചു. ഉപരിതലത്തിൽനിന്ന് 11 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് മൊറോക്കോ അധികൃതർ പറയുന്നത്.
മറാകിഷിൽ 12ാം നൂറ്റാണ്ടിൽ നിർമിച്ച പ്രശസ്തമായ കൗതൗബിയ പള്ളിക്ക് കേടുപറ്റിയിട്ടുണ്ട്. നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ‘ചുകന്ന മതിലുകൾ’ക്കും കേടുപറ്റി. ഇതിന്റെ ദൃശ്യങ്ങൾ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ പെടുത്തിയതാണ് മതിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.