റഫ ആക്രമണം: ഐ.സി.ജെ ഇന്ന് വിധിപറയും; വിധി അംഗീകരിക്കില്ലെന്ന് ഇസ്രായേൽ
text_fieldsഹേഗ്: ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം നിർത്താൻ നിർദേശം നൽകണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിധി പറയും.
ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ഫയൽചെയ്ത കേസിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞയാഴ്ച നടന്ന വാദം കേൾക്കലിൽ ഇത്തരമൊരു അടിയന്തര നടപടി ആവശ്യപ്പെട്ടത്. ജനുവരിയിലെ പ്രാരംഭ വാദം കേൾക്കലിന് ശേഷം ഗസ്സയിലെ മാനുഷിക ദുരിതങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ.സി.ജെ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നിർദേശ സ്വഭാവത്തിലുള്ള ഈ ഉത്തരവിനെ അവഗണിച്ച് ഇസ്രായേൽ ഗസ്സയിൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഭയം തേടിയെത്തിയ പത്തുലക്ഷം പേർ ഉൾപ്പെടെ 15 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന റഫയിൽ കരയാക്രമണം നടത്തുന്നത് സങ്കൽപത്തിനപ്പുറത്തെ മാനുഷിക ദുരന്തം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഐ.സി.ജെ വിധിക്ക് തങ്ങളെ തടയാനാകില്ലെന്നും യുദ്ധം മുന്നോട്ടുകൊണ്ടുപോകുമെന്നും ഇസ്രായേൽ സർക്കാർ വ്യക്തമാക്കി. ഭൂമിയിൽ ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്ന് സർക്കാർ വക്താവ് അവി ഹൈമൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.