ബശ്ശാർ വീണപ്പോൾ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെച്ച് റഗീദ് അൽ തതാരി
text_fieldsഡമസ്കസ്: സിറിയയിൽ ബശ്ശാറുൽ അസദിന്റെ ഭരണത്തിന് പ്രതിപക്ഷസേന അന്ത്യം കുറിച്ചപ്പോൾ സന്തോഷിക്കുന്നവരിൽ ഒരാൾ റഗീദ് അൽ തതാരിയാണ്. 43 വർഷം ജയിലുകളിൽ പീഡനമേറ്റ അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു അസദിന്റ വീഴ്ച. നൂറുകണക്കിന് തടവുകാരെ പ്രതിപക്ഷസേന മോചിപ്പിച്ചപ്പോൾ അക്കൂട്ടത്തിൽ റഗീദുമുണ്ടായിരുന്നു.
സിറിയൻ വ്യോമസേനയിൽ പൈലറ്റായിരുന്ന റഗീദ് 1981ലാണ് തടവിലായത്. സഹപ്രവർത്തകരിൽ ഒരാൾ യുദ്ധവിമാനത്തിൽ ജോർഡനിലേക്ക് രക്ഷപ്പെട്ടതിന് സഹായം നൽകിയത് റഗീദാണെന്ന് ആരോപിച്ചാണ് ഭരണകൂടം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്. കേവലം ഒരു മിനിറ്റ് മാത്രമെടുത്താണ് മിലിറ്ററി കമ്മിറ്റി റഗീദിന് ജീവപര്യന്തം തടവ് വിധിച്ചത്. എന്നാൽ, റഗീദിന്റെ തടവിനുള്ള യഥാർഥ കാരണം ഇതല്ലെന്നാണ് സിറിയക്കാർ വിശ്വസിക്കുന്നത്. ബശ്ശാറുൽ അസദിന്റെ പിതാവ് ഹാഫിസുൽ അസദിന്റെ ഭരണകാലത്ത് സിറിയൻ നഗരമായ ഹിംസിൽ ബോംബിടാനുള്ള ഉത്തരവ് അനുസരിക്കാത്തതാണ് ശിക്ഷിക്കാനുള്ള കാരണമെന്ന് അവർ കരുതുന്നു. ഹാഫിസുൽ അസദിന്റെ മൂത്ത മകൻ ബാസിലുൽ അസദിനെ കുതിരയോട്ട മത്സരത്തിൽ തോൽപിച്ചതാണ് തടവിനുള്ള കാരണമെന്നും വാദമുണ്ട്.
ആദ്യ രണ്ടുവർഷം അൽ മെയ്സ ജയിലിൽ ഏകാന്ത തടവിലായിരുന്നു റഗീദ്. തുടർന്ന് കുപ്രസിദ്ധമായ തദ്മൂർ ജയിലിലേക്ക് മാറ്റി. 2000 വരെ അവിടെ കഴിഞ്ഞു. പിന്നീട് മറ്റൊരു കുപ്രസിദ്ധ തടവറയായ സദ്നായ ജയിലിലേക്കും 2011ൽ ഡമസ്കസിലെ അദ്ര സെൻട്രൽ ജയിലിലേക്കും മാറ്റി. ജയിലിലായിരിക്കെ അസാമാന്യ കലാവിരുതും അദ്ദേഹം പ്രകടിപ്പിച്ചു. റൊട്ടിക്കഷണങ്ങൾ, പഞ്ചസാര, ഒലിവ് കുരു തുടങ്ങിയവയിൽനിന്ന് അദ്ദേഹം മനോഹര സൃഷ്ടികളൊരുക്കി. ജയിലിൽ ചെസ് ടൂർണമെന്റുകളും സംഘടിപ്പിച്ചു. റഗീദ് അൽ തതാരിയുടെ മകൻ വാഇൽ തതാരി ഇപ്പോൾ കാനഡയിൽ അഭയാർഥിയായി കഴിയുകയാണ്.
രഹസ്യ തടവറകൾ തേടി വൈറ്റ് ഹെൽമെറ്റ്സ്
ബശ്ശാറിന്റെ രഹസ്യ തടവറകൾ അന്വേഷിക്കുകയാണ് സിറിയയിലെ സന്നദ്ധ സംഘമായ വൈറ്റ് ഹെൽമെറ്റ്സ്. ഇതുസംബന്ധിച്ച അറിവു പങ്കുവെക്കുന്നവർക്ക് 3000 ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി ബശ്ശാർ ലക്ഷക്കണക്കിനാളുകളെ തടവിലാക്കിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തടവിലാക്കപ്പെട്ടവരെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.