ജർമനിയിൽ പരിസ്ഥിതി പ്രവർത്തകർക്കെതിരെ റെയ്ഡ്; കുറ്റകൃത്യങ്ങൾക്ക് പിന്തുണയെന്ന്
text_fieldsബർലിൻ: കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘത്തിന് രൂപംനൽകുകയോ പിന്തുണക്കുകയോ ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് ജർമനിയിലെ ഏഴ് സംസ്ഥാനങ്ങളിൽ പരിസ്ഥിതി പ്രവർത്തകർക്കെതിരെ റെയ്ഡ്. 22 മുതൽ 38വരെ പ്രായമുള്ള ഏഴ് പേരെയാണ് സംഭവത്തിൽ സംശയിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല.
ലാസ്റ്റ് ജനറേഷൻ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മാസങ്ങളായി വിവിധ ജർമൻ നഗരങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തിവരുകയാണ്. ഇവരുടെ പ്രവർത്തനം അങ്ങേയറ്റം ഭ്രാന്തമെന്നാണ് ചാൻസലർ ഒലഫ് സ്കോൾസ് കുറ്റപ്പെടുത്തിയത്.
ലാസ്റ്റ് ജനറേഷനെ ഒരു ക്രിമിനൽ സംഘടനയായി നിർവചിക്കാൻ കഴിയുമോ എന്നതിനെച്ചൊല്ലി ജർമനിയിൽ ആഴ്ചകളായി കടുത്ത സാംസ്കാരിക സംവാദം നടന്നുവരുകയാണ്. യാഥാസ്ഥിതിക എം.പിമാർ ജയിൽശിക്ഷ ഉൾപ്പെടെ കഠിനമായ ശിക്ഷകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇടതുപക്ഷക്കാർ അപകടകരമായ സ്വേച്ഛാധിപത്യ നിയന്ത്രണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബർലിൻ, ബവേറിയ, ഡ്രെസ്ഡൻ, ഹാംബർഗ് തുടങ്ങിയ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിലും മറ്റ് കെട്ടിടങ്ങളിലും ബുധനാഴ്ച നടന്ന റെയ്ഡുകളിൽ 170ഓളം പൊലീസുകാർ പങ്കെടുത്തു. ഗ്രൂപ്പിന്റെ വെബ്സൈറ്റ് അടച്ചുപൂട്ടുകയും രണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
കൂടുതൽ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ധനസഹായമായി കുറഞ്ഞത് 1.2 മില്യൺ പൗണ്ട് സമാഹരിക്കാൻ കാമ്പയിൻ സംഘടിപ്പിച്ചതായി സംശയിക്കുന്ന ഏഴ് പ്രതികൾക്കെതിരെയാണ് ആരോപണം.
ഇറ്റാലിയൻ തീരനഗരമായ ട്രൈസ്റ്റിൽനിന്ന് ഇൻഗോൾസ്റ്റാഡിലേക്ക് ആൽപ്സിന് കുറുകെ പോകുന്ന എണ്ണ പൈപ്പ് ലൈൻ കഴിഞ്ഞവർഷം അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപണം നേരിടുന്നവരാണ് അന്വേഷണ പരിധിയിലുള്ള രണ്ടുപേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.