ശ്രീലങ്കയിൽ രാജപക്സ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി; പുതിയ ധനമന്ത്രി അലി സബ്രി രാജിവെച്ചു
text_fieldsകൊളംബൊ: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ജനജീവിതം പ്രതിസന്ധിയിലായ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ നില പരുങ്ങലിലാക്കി 42 എം.പിമാർ സഖ്യകക്ഷി സർക്കാറിൽനിന്ന് പിൻമാറി. ഇതോടെ സർക്കാർ ന്യൂനപക്ഷമായി.
തിങ്കളാഴ്ച അധികാരമേറ്റ ധനമന്ത്രി അലി സബ്രി 24 മണിക്കൂർ തികയും മുമ്പേ രാജിവെച്ചതും രാജപക്സ സർക്കാറിന് വൻ തിരിച്ചടിയായി. വിവിധ പാർട്ടികളിലെ എം.പിമാർ പിന്തുണ പിൻവലിച്ചതോടെ 225 അംഗ സഭയിൽ രാജപക്സ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. കേവല ഭൂരിപക്ഷത്തിനുവേണ്ട 113 അംഗങ്ങളുടെ പിന്തുണ നിലവിൽ സർക്കാറിനില്ല. സർക്കാറിൽനിന്ന് പിൻമാറിയ എം.പിമാർ സഭയിൽ സ്വതന്ത്രരായി തുടരും.
അതിനിടെ, രാജ്യമെങ്ങും രാജപക്സ സർക്കാറിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമായി. പാർലമെന്റിന് സമീപത്തും കൊളംബൊ-ഏഴിലെ വിജെരമ റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും വൻ പ്രതിഷേധം അരങ്ങേറി. യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കൂറ്റൻ റാലി നടന്നത്. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയെപ്പറ്റി ബുധൻ, വ്യാഴം ദിവസങ്ങളിൽ പാർലമെന്റിൽ ചർച്ച നടത്താൻ പാർട്ടികൾ തീരുമാനിച്ചതായി എസ്.എൽ.പി.പി പാർട്ടി എം.പി പ്രസന്ന രണതുംഗെ പറഞ്ഞു. പാർലമെന്റിൽ യോഗം ചേർന്ന കക്ഷികൾ പ്രശ്നപരിഹാരത്തിൽ എത്തിയില്ലെന്നും തുടർന്നാണ് വിഷയം ചർച്ചചെയ്യാൻ തീരുമാനിച്ചതെന്നും മുൻമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.
ധനപ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് (ഐ.എം.എഫ്‍) വായ്പക്കായി നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പുതിയ ധനമന്ത്രി അലി സാബ്രിയുടെ രാജി. രാജപക്സയുടെ ഇളയ സഹോദരനായ ബേസിൽ രാജപക്സയെ രാജിവെപ്പിച്ചാണ് കഴിഞ്ഞ ദിവസം അലി സാബ്രിയെ ധനമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഭക്ഷണം, ഇന്ധനം, മരുന്ന്, വൈദ്യുതി എന്നിവയുടെ കടുത്ത ദൗർലഭ്യത്തിൽ വലയുന്ന രാജ്യത്ത് പ്രശ്നപരിഹാരമായി ഐക്യ സർക്കാർ രൂപവത്കരണത്തിന് പ്രസിഡന്റ് രാജപക്സ തിങ്കളാഴ്ച ആഹ്വാനം ചെയ്തെങ്കിലും പ്രതിപക്ഷം അത് തള്ളിയിരുന്നു. അതിനിടെ, താൽക്കാലിക പരിഹാരമായി പ്രസിഡന്റിന്റെ മൂത്ത സഹോദരനും പ്രധാനമന്ത്രിയുമായ മഹീന്ദ രാജപക്സയെ തൽസ്ഥാനത്തുനിന്ന് നീക്കാനും ആലോചന നടക്കുന്നുണ്ട്.
അല്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രാജപക്സ നിർബന്ധിതമാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യതാൽപര്യം കണക്കിലെടുത്താണ് തന്റെ രാജി എന്നായിരുന്നു ധനമന്ത്രിപദത്തിൽനിന്ന് ഒറ്റദിനം കൊണ്ട് ഒഴിഞ്ഞ സാബ്രിയുടെ പ്രതികരണം. കൂട്ടുകക്ഷി സർക്കാർ വിടുന്ന 42 എം.പിമാരുടെ പേരുകൾ അതാത് പാർട്ടികൾ പുറത്തു വിട്ടു. അതേസമയം, തുടർന്നും ഇവർ സർക്കാർ നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്നാണ് അറിയുന്നത്.
എന്നാൽ, ന്യൂനപക്ഷമായ രാജപക്സ സർക്കാറിന് കടുത്ത തീരുമാനങ്ങളിലേക്ക് എളുപ്പം കടക്കാനാകില്ല. കൂട്ടുകക്ഷി സർക്കാർ വിട്ട ഫ്രീഡം പാർട്ടി നേതാവ് മൈത്രിപാല സിരിസേന രാജപക്സയെ സന്ദർശിച്ച് രാജ്യത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ വ്യക്തമായ പദ്ധതി മുന്നോട്ടുവെക്കാൻ ആവശ്യപ്പെട്ടു.
ജനവികാരം കണക്കിലെടുത്ത് സഹോദരങ്ങളായ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവർത്തിച്ചു. അധികാര മാറ്റം വേണമെന്ന ഉറച്ച ശബ്ദമാണ് തെരുവിൽനിന്നുയരുന്നതെന്ന് പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ സമഗി ജന ബലവേഗയ നേതാവ് സജിത് പ്രേമദാസ പറഞ്ഞു. പാചക വാതകത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നതെന്നും കടുത്ത ബുദ്ധിമുട്ടുകൾക്കിടയിൽ തങ്ങൾ ജനങ്ങളോടൊപ്പമാണെന്നും മൈത്രിപാല സിരിസേന പറഞ്ഞു.
സർക്കാറിനെതിരെ പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടുവരാനുള്ള സാഹചര്യം ഉടൻ രൂപപ്പെടാൻ സാധ്യതയില്ലെന്ന് അഭിഭാഷകനും നിയമ-ഭരണഘടനാ വിദഗ്ധനുമായ ലൂവി നിരഞ്ജൻ ഗണേശനാഥൻ പറഞ്ഞു.
ശ്രീലങ്കൻ കേന്ദ്ര ബാങ്കിന്റെ പുതിയ ഗവർണറായി പി. നന്ദലാൽ വീരസിംഘെയെ സർക്കാർ നിയമിച്ചു.
നേരത്തെ ഡെപ്യൂട്ടി ഗവർണറായിരുന്ന ഇദ്ദേഹം ഇപ്പോൾ ആസ്ട്രേലിയയിലാണ്. കേന്ദ്രബാങ്ക് ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പണപ്പെരുപ്പം കുത്തനെ ഉയർന്ന് ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ മുൻ ഗവർണർ അജിത് നിവർദ് കബ്രാൾ രാജിവെച്ചതിനെ തുടർന്നാണ് വീരസിംഘെയുടെ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.