വിക്രമസിംഗെ; പയറ്റിത്തെളിഞ്ഞ് പ്രസിഡന്റു പദത്തിലേക്ക്
text_fieldsകൊളംബോ: 1977ൽ രാഷ്ട്രീയ പ്രവേശനം. ആറു തവണ പ്രധാനമന്ത്രി. അതിൽ ഒരു പ്രാവശ്യം പോലും കാലാവധി തികക്കാനായില്ല. പ്രസിഡന്റുസ്ഥാനത്തേക്ക് പലതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാഷ്ട്രീയത്തിൽ 'കുറുക്കൻ' എന്ന വിളിപ്പേര്. ശ്രീലങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെനിൽ വിക്രമസിംഗെ എന്ന അടിമുടി സാമർഥ്യക്കാരനായ, പരാജയങ്ങളിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന രാഷ്ട്രീയക്കാരന്റെ ചിത്രമാണ് ഇവിടെ തെളിയുന്നത്. പാർലമെന്റിലെ രഹസ്യ വോട്ടെടുപ്പിൽ വിജയിച്ചതോടെ വിക്രമസിംഗെയുടെ അരനൂറ്റാണ്ടോടടുക്കുന്ന രാഷ്ട്രീയജീവിതത്തിലെ ദീർഘകാലത്തെ ആഗ്രഹമാണ് സഫലമായത്. എന്നാൽ, പല കാരണങ്ങൾ കൊണ്ടും ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെ എതിർക്കുന്നവർ ശ്രീലങ്കയിൽ നിരവധിയാണ്.
യുനൈറ്റഡ് നാഷനൽ പാർട്ടി(യു.എൻ.പി)യിലൂടെയാണ് വിക്രമസിംഗെ രാഷ്ട്രീയത്തിലേക്കും അധികാരസ്ഥാനങ്ങളിലേക്കും നടന്നു കയറിയത്. അഭിഭാഷകനായിരുന്ന അദ്ദേഹം 1977ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അതേ വർഷം തന്നെ മന്ത്രിയാകുകയും ചെയ്തു. പിന്നീട് പല മന്ത്രിസഭകളിലും അംഗമായി. അധികാരത്തിലില്ലാതിരുന്നപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനവും തേടിയെത്തി.
ആദ്യമായി പ്രധാനമന്ത്രിപദത്തിലേറുന്നത് 1993ൽ അന്നത്തെ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ കൊലപാതകത്തെ തുടർന്നാണ്. സാമ്പത്തികരംഗം കൈകാര്യം ചെയ്യാനുള്ള മിടുക്കും പാശ്ചാത്യ അനുകൂല സമീപനവും ലങ്കയിലെ നഗര മധ്യവർഗത്തിനിടയിൽ കാര്യമായ പിന്തുണ അദ്ദേഹത്തിന് നൽകി. 2001ൽ രാജ്യത്തെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാൻ പങ്കുവഹിച്ചതും കൈയടി നേടിക്കൊടുത്തു.
ഭരണനൈപുണ്യത്തിനിടയിലും അഴിമതി ആരോപണങ്ങളും അദ്ദേഹത്തെ പിന്തുടർന്നു. 2015ൽ പ്രധാനമന്ത്രിയായപ്പോഴാണ് കേന്ദ്ര ബാങ്കിലെ അന്തർവ്യാപാര (ഇൻസൈഡർ ട്രേഡിങ്) തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം പുറത്തു വരുന്നത്.
താൻ 'പരിശുദ്ധനാ'ണെന്നായിരുന്നു വിക്രമസിംഗെ എല്ലാ കാലത്തും അവകാശപ്പെട്ടിരുന്നത്. രാജപക്സ കുടുംബത്തെ സംരക്ഷിക്കുന്നെന്ന പരാതിയും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ എതിർധ്രുവങ്ങളിലാണെങ്കിലും അവരുമായി വർഷങ്ങളുടെ വ്യക്തിപരമായ അടുപ്പം പുലർത്തിയിരുന്നു വിക്രമസിംഗെ. രാജപക്സമാർക്കെതിരായ അഴിമതി, മനുഷ്യാവകാശ ലംഘന പരാതികളിൽ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. 2019ൽ സ്ഥാനമൊഴിയുമ്പോൾ വിക്രമസിംഗെയുടെ ജനപിന്തുണയിൽ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. പ്രബലമായ പാർട്ടിയായിരുന്ന യു.എൻ.പി എം.പിമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് ശുഷ്കിച്ചു.
2020 പാർലമെന്റ് തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ യു.എൻ.പിയുടെ ഏക പ്രതിനിധിയായി ലിസ്റ്റ് വ്യവസ്ഥയിലൂടെയാണ് പാർലമെന്റിലേക്ക് വിക്രമസിംഗെ എത്തുന്നത്. ഏറക്കുറെ അവസാനിച്ചുവെന്ന് കരുതിയ വിക്രമസിംഗെയുടെ രാഷ്ര്ടീയ ജീവിതത്തിന്റെ തിരിച്ചുവരവിനിടയാക്കിയത് ശ്രീലങ്ക ഇപ്പോൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയും. മഹിന്ദ രാജപക്സ രാജിവെച്ചൊഴിഞ്ഞ പ്രധാനമന്ത്രിക്കസേരയിലേക്ക് അന്നത്തെ പ്രസിഡന്റ് ഗോടബയ വിക്രമസിംഗെയെ നിയോഗിക്കുകയായിരുന്നു. ജനങ്ങൾ വസതി കൈയേറിയതോടെ നാടുവിട്ട ഗോടബയ ഇടക്കാല പ്രസിഡന്റായി നിയോഗിച്ചതും അദ്ദേഹത്തെ തന്നെ.
രാജപക്സമാരുടെ പാർട്ടി എസ്.എൽ.പി.പി.യാണ് അദ്ദേഹത്തിന് 73ാം വയസ്സിൽ പ്രസിഡന്റുപദമേറാൻ പിന്തുണ നൽകിയതും. ശ്രീലങ്ക അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനും ജനജീവിതം സുഗമമാക്കാനും പുതിയ പ്രസിഡന്റ് ഇനി എന്തു നടപടി സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പിന്തുണയുമായി ഇന്ത്യ
കൊളംബോ: സ്ഥിരതക്കും സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറാനുമുള്ള ശ്രീലങ്കൻ ജനതയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകുമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷൻ പ്രസ്താവനയിൽ അറിയിച്ചു. ലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ പാർലമെന്റ് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഹൈകമീഷൻ നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.