റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
text_fieldsകൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ വക്കിലെത്തിയ ശ്രീലങ്കയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ ചുമതലയേറ്റു. പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവെച്ചതിനെ തുടർന്നാണിത്. ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനായി രൂപവത്കരിക്കുന്ന ഇടക്കാല ദേശീയ സർക്കാറിനെ നയിക്കാനാണ് റനിൽ ചുതലയേറ്റത്. 73 കാരനായ റനിൽ ആറാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. രാജപക്സ കുടുംബത്തിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന റനിൽ തന്റെ കക്ഷിയായ യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ ഏക പാർലമെന്റ് അംഗവുമാണ്.
ഇതിനിടെ, പ്രധാനമന്ത്രി പദം നഷ്ടമായ മഹിന്ദ രാജപക്സ രാജ്യം വിടുന്നത് കോടതി തടഞ്ഞു. കഴിഞ്ഞ ദിവസം സർക്കാർവിരുദ്ധ പ്രക്ഷോഭകരെ ഭരണപക്ഷ അനുകൂലികൾ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം കഴിയുന്നതുവരെ മഹിന്ദയടക്കമുള്ള 15 പ്രമുഖർ രാജ്യം വിടരുതെന്നാണ് കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഒൻപതു പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമസംഭവങ്ങളിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുൻ പ്രധാനമന്ത്രിക്ക് പുറമെ, 13 ഭരണപക്ഷ ജനപ്രതിനിധികൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും വിലക്കേർപ്പെടുത്തിയത്. പാസ്പോർട്ടുകൾ സമർപ്പിക്കണമെന്നും ഇവരോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഗോടബയ രാജപക്സ പ്രസിഡന്റ് പദം രാജിവെക്കുന്നത് അടക്കമുള്ള നിബന്ധനകൾ അംഗീകരിച്ചാൽ പുതിയ സർക്കാറുണ്ടാക്കാൻ സന്നദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ വ്യക്തമാക്കി. സർക്കാർ രൂപവത്കരിക്കാനുള്ള ഗോടബയയുടെ അഭ്യർഥന സ്വീകരിക്കാമെന്നും പകരം ഭരണഘടനയുടെ 19ാം ഭേദഗതി നടപ്പാക്കുകയും നിശ്ചിത സമയത്തിനകം ഗോടബയ സ്ഥാനമൊഴിയുകയും വേണമെന്ന്, ഇതു സംബന്ധിച്ച് പ്രസിഡന്റിന് അയച്ച കത്തിൽ പ്രേമദാസ വ്യക്തമാക്കി. ഭരണത്തിൽ നേരിട്ട് ഇടപെടുന്ന എക്സിക്യൂട്ടിവ് പ്രസിഡൻസി രീതി അവസാനിപ്പിക്കാനുള്ള ഭരണഘടനഭേദഗതിക്ക് സാഹചര്യമൊരുക്കണമെന്നും പ്രേമദാസ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ, പ്രസിഡണ്ടിന്റെ അധികാരം കുറക്കുന്ന ഭരണഘടന ഭേദഗതി പാർലമെന്റ് പരിഗണിക്കുമെന്ന് ഗോടബയ രാജപക്സ വ്യാഴാഴ്ച വ്യക്തമാക്കി. രാജ്യം അരാജകത്വത്തിലേക്ക് വീഴാതിരിക്കാൻ പുതിയ സർക്കാർ രൂപവത്കരിക്കുന്നത് അടക്കമുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഗോടബയ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, രാജി വെക്കണമെന്ന പ്രതിപക്ഷ മുറവിളിയോട് അദ്ദേഹം പ്രതികരിച്ചില്ല. 1978 മുതൽ രാജ്യത്തു നിലനിൽക്കുന്ന പ്രസിഡൻഷ്യൽ ഭരണരീതി മാറ്റി ഭരണഘടനാധിഷ്ഠിത ജനാധിപത്യം പുനസ്ഥാപിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.