റഷ്യന്‍ അധിനിവേശത്തിനിടെ യുക്രെയ്നിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്
text_fieldsകിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടെ നിരവധി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ സൈനികരിൽ നിന്ന് തങ്ങൾ അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകളും പെൺകുട്ടികളും രംഗത്തെത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യുക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയും ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ അധിനിവേശം അവസാനിക്കാത്ത സ്ഥിതിക്ക് വിഷയത്തിൽ നീതി എപ്പോൾ ലഭിക്കുമെന്ന കാര്യം ആശങ്കാജനകമാണ്.
യുക്രെയ്ന്‍ തലസ്ഥാനമായ കിയവിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഹൈവേയിൽ ഫോട്ടോഗ്രാഫർ മിഖായേൽ പാലിൻചക് പകർത്തിയ ഒരു ചിത്രമാണ് യുദ്ധത്തിന്‍റെ ഈ ഭീകര മുഖത്തെക്കുറിച്ച് ലോകത്തെ വെളിപ്പെടുത്തിയത്. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ പുതപ്പിനടിയിൽ കൂട്ടിയിട്ട നിലയിലുള്ള ചിത്രമായിരുന്നു അത്. പൂർണമായും നഗ്നരായിരുന്ന സ്ത്രീകളുടെ ശരീരം ഭാഗികമായി പൊള്ളലേറ്റ സ്ഥിതിയിലായിരുന്നു.
യുദ്ധം ആരംഭിച്ച സമയം കിയവ് വിടുന്നതിന് മുമ്പ് സ്വയം പരിരക്ഷക്കായി കോണ്ടവും കത്രികയുമാണ് താന്‍ കൈയ്യിൽ കരുതിയതെന്ന് 31 കാരിയായ അന്റോണിന മെഡ്‌വെഡ്‌ചുക്ക് പറഞ്ഞു. എല്ലാ യുദ്ധങ്ങളിലും കൂടുതൽ ഇരയാക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സ്ത്രീകളാണെന്നും അവർ കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ വിവിധ ഫെമിനിസ്റ്റ് സംഘടനകൾ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് മാനസിക, ആരോഗ്യ, നിയമ പിന്തുണ നൽകുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധത്തിൽ ഉപയോഗിക്കപ്പെടുന്ന ബോംബിനെക്കാൾ വലിയ ആഘാതമാണ് ബലാത്സംഗം ചെയ്യപ്പെട്ട ഓരോ സ്ത്രീകളും അനുഭവിക്കുന്നതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.