ഖലിസ്ഥാൻ വാദികൾക്ക് പിന്തുണ; കനേഡിയൻ റാപ്പർ ശുഭ്നീത് സിങ്ങിന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കി; സംഗീത പരിപാടിക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരിച്ചുനൽകും
text_fieldsഓട്ടവ: ഖലിസ്ഥാൻ വാദികൾക്ക് പിന്തുണ നൽകിയെന്നാരോപിച്ച് പഞ്ചാബിൽ ജനിച്ച ഇപ്പോൾ കാനഡയിലുള്ള റാപ്പർ ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ടിക്കറ്റ് എടുത്തവർക്ക് പൈസ തിരിച്ചുനൽകുമെന്ന് ബുക്ക് മൈ ഷോ കമ്പനി എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചിട്ടുണ്ട്. 7-10 ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റെടുത്തവരുടെ പണം തിരിച്ച് അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നാണ് കമ്പനി അറിയിച്ചത്.
ഖലിസ്ഥാൻ വാദികൾക്ക് പിന്തുണ അറിയിച്ച സാഹചര്യത്തിൽ ഗായകന്റെ പരിപാടിക്ക് സമൂഹമാധ്യമങ്ങളിൽ ബഹിഷ്‍കരണ ആഹ്വാനമുയർന്നിരുന്നു. ഇന്ത്യ-കാനഡ നയതന്ത്രബന്ധം ഉലഞ്ഞ വേളയിലാണ് തീരുമാനം. ഖലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന ശുഭ്നീതിനെതിരെ നേരത്തേയും വിമർശനമുയർന്നിരുന്നു. സെപ്റ്റംബർ 23 മുതൽ 26 വരെയായിരുന്നു ശുഭീനീതിന്റെ സംഗീത പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ ബോട്ട് ശുഭ്നീതിന്റെ സംഗീത പരിപാടിക്കുള്ള സ്പോൺസർഷിപ്പ് പിൻവലിച്ചിരുന്നു.
ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാരോപിച്ച് ഉന്നത റോ ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ തിങ്കളാഴ്ച കാനഡ പുറത്താക്കിയിരുന്നു. കനേഡിയൻ പൗരനായ നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അവകാശപ്പെട്ടിരുന്നു.
ആരോപണം തള്ളിയ ഇന്ത്യ കനേഡിയൻ ഹൈകമ്മീഷണർ കാമറോൺ മക്കയോവെയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. തൊട്ടുപിന്നാലെ, കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ ഇന്ത്യ പുറത്താക്കി. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെ.ടി.എഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ ജൂണിലാണ് യു.എസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.