മൊറോക്കോയിൽ നൂറടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ അഞ്ചു വയസുകാരനു വേണ്ടി രക്ഷാപ്രവർത്തനം ഊർജ്ജിതം
text_fieldsമൊറോക്കോ: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നൂറടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ അഞ്ചു വയസുകാരനു വേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് ദിവസം മുമ്പാണ് വടക്കൻ മൊറോക്കോയിലെ 104 അടി താഴ്ചയുള്ള കിണറ്റിൽ റയാൻ എന്ന അഞ്ച് വയസുകാരൻ കുടുങ്ങിയത്. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ചെഫ്‌ചൗവൻ നഗരത്തിൽ നിന്ന് 125 മൈൽ അകലെയുള്ള ചെറിയ ഗ്രാമമായ ഇഘ്രാനെയിലെ വീടിനടുത്തുള്ള കിണറ്റിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് റയാൻ കുടുങ്ങിയത്. വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ റെസ്ക്യൂ ടീം കിണറിന് ചുറ്റുമുള്ള ചുവന്ന മണ്ണ് ആഴത്തിൽ കുഴിച്ചെടുത്ത് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിന് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും റെസ്‌ക്യൂ ടീം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ രക്ഷാപ്രവർത്തനത്തിനിടയിൽ മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കയുണ്ടെന്ന് അധികൃതർ പറഞ്ഞു.
രക്ഷാപ്രവർത്തനം വളരെ സൂക്ഷ്മമായാണ് നടക്കുന്നതെന്ന് രക്ഷാപ്രവർത്തകരിൽ ഒരാളായ അബ്ദുൽഹാദി തെമ്രാനി പറഞ്ഞു.
''മണ്ണിന്‍റെ സ്വഭാവം രക്ഷാപ്രവർത്തനത്തിന് അനുയോജ്യമല്ല, അടിത്തട്ടിൽ പാറകളുള്ളത് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കും. രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് -സർക്കാർ വക്താവ് മുസ്തഫ ബൈതാസ് പറഞ്ഞു.
കുഞ്ഞു റയാൻ എത്രയും പെട്ടെന്ന് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റയാനെ ഉടൻ പുറത്തെത്തിക്കണമെന്നുള്ള ആവശ്യം സോഷ്യൽ മീഡിയയിലും ശക്തമായിരിക്കുകയാണ്. സേവ് റയാൻ എന്ന ഹാഷ് ടാഗോട് കൂടിയാണ് ആളുകൾ പ്രതികരണവുമായെത്തുന്നത്.
കുട്ടിയെ രക്ഷിച്ചതിന് ശേഷം വേണ്ട വൈദ്യസഹായങ്ങൾക്കായി മെഡിക്കൽ സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കൂടാതെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ പൊലീസ് ഹെലികോപ്റ്ററും സജ്ജമാണ്. കിണറ്റിൽ വീഴുന്ന സമയം വരെ റയാൻ പൂർണ ആരോഗ്യവാനായിരുന്നെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കയർ ഉപയോഗിച്ച് പൈപ്പുകൾ വഴി കുട്ടിക്ക് വേണ്ട ഓക്‌സിജനും വെള്ളവും നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.