ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കർ
text_fieldsവാഷിങ്ടൺ: യു.എസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസീൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. 'എ+'(A+) റേറ്റുചെയ്ത മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ദാസ് ഒന്നാം സ്ഥാനത്താണ്. ശക്തികാന്ത ദാസിനെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
'ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങൾ. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളർച്ചാ പാതയെ ശക്തിപ്പെടുത്തുന്നത് തുടരുന്നു' മോദി കുറിച്ചു. ശക്തികാന്ത ദാസിന് 2023 ജൂണിൽ ലണ്ടനിലെ സെൻട്രൽ ബാങ്കിംഗിന്‍റെ 'ഗവർണർ ഓഫ് ദ ഇയർ' അവാർഡ് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഗ്ലോബൽ ഫിനാൻസ് മാസികയുടെ റാങ്കിങ് പ്രകാരം എ മുതൽ എഫ് വരെയുള്ള ഗ്രേഡുകളുണ്ട്. പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് മാനേജ്മെന്റ് എന്നിവയൊക്കെയാണ് ഇതിലുൾപ്പെടുന്നത്.
തൊട്ടടുത്ത സ്ഥാനങ്ങളിലായി സ്വിറ്റ്‌സർലൻഡ് ഗവർണർ തോമസ് ജെ ജോർദാനും വിയറ്റ്‌നാം സെൻട്രൽ ബാങ്ക് മേധാവി എൻഗുയെൻ തി ഹോംഗും ഉൾപ്പെടുന്നു. 'എ' (A) ഗ്രേഡ് നേടിയ സെൻട്രൽ ബാങ്ക് ഗവർണർമാരിൽ ബ്രസീലിലെ റോബർട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീർ യാറോൺ, മൗറീഷ്യസിലെ ഹർവേഷ് കുമാർ സീഗോലം, ന്യൂസിലൻഡിലെ അഡ്രിയാൻ ഓർ എന്നിവരും ഉൾപ്പെടുന്നു.
കൊളംബിയയിലെ ലിയോനാർഡോ വില്ലാർ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഹെക്ടർ വാൽഡെസ് അൽബിസു, ഐസ്‌ലാൻഡിലെ അസ്‌ഗീർ ജോൺസൺ, ഇന്തോനേഷ്യയിലെ പെറി വാർജിയോ എന്നിവരാണ് 'എ-'(A-) ഗ്രേഡ് നേടിയ ഗവർണർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.