ഹനിയ്യയുടെ കൊലപാതകം: പ്രതികരണവുമായി ലോകരാഷ്ട്രങ്ങൾ
text_fieldsതെഹ്റാൻ: ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ഒരിക്കലും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യ. ‘ഒരിക്കലും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകമാണിത്. മേഖലയെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കും’ -റഷ്യൻ വിദേശകാര്യ ഉപമന്ത്രി മിഖായേൽ ബോഗ്ദാനോവ് വാർത്ത ഏജൻസിയോട് പറഞ്ഞു.
കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹനിയ്യയുടെ കൊലപാതകവും ഗസ്സയിലെ സിവിലിയൻ കൂട്ടക്കുരുതിയും പ്രദേശത്തെ അരാജകത്വത്തിലേക്ക് നയിക്കുകയും സമാധാന സാധ്യതകളെ തകർക്കുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സമാധാനം കൈവരിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇസ്മാഈൽ ഹനിയയെ വധിച്ചതിലൂടെ ഇസ്രായേലിലെ നെതന്യാഹു സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചതായി തുർക്കിയ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൊലപാതകത്തെ അപലപിച്ച തുർക്കിയ, ഇസ്രായേലിനെ തടയാൻ അന്താരാഷ്ട്ര സമൂഹം നടപടിയെടുത്തില്ലെങ്കിൽ വളരെ വലിയ സംഘർഷങ്ങൾ മേഖല സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ ഭീരുത്വത്തിന്റെ തെളിവാണ് ഹനിയ്യയുടെ കൊലപാതകമെന്നും ഇതിനുള്ള ശിക്ഷ അവർക്ക് നൽകുമെന്നും ഹമാസ് നേതാവ് മൂസ അബു മർസൂഖ് പറഞ്ഞു. ‘ദൈവമാർഗത്തിൽ കൊല്ലപ്പെട്ടവർ മരിച്ചുവെന്ന് നിങ്ങൾ കരുതരുത്. അവർ തങ്ങളുടെ രക്ഷിതാവിങ്കൽ എന്നും ജീവിക്കുന്നവരാണ്. നമ്മുടെ സഹോദരനും നേതാവും പോരാളിയുമായ ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ ഫലസ്തീനിയൻ ജനതയെയും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളെയും ലോകത്തിലെ എല്ലാ ജനങ്ങളെയും ഹമാസ് അനുശോചനം അറിയിക്കുന്നു. പുതിയ ഇറാനിയൻ പ്രസിഡൻ്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം തെഹ്‌റാനിലെ വസതിയിൽ വെച്ചാണ് വഞ്ചനാപരമായ സയണിസ്റ്റ് ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്. നാം എല്ലാവരും ദൈവത്തിന്റേതാണ്, അവനിലേക്കാണ് നമ്മുടെ മടക്കവും. വിജയമായാലും രക്തസാക്ഷിത്വമായാലും ഇതൊരു ധർമസമരമാണ്’ -ഹമാസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ജറൂസലം മോചനത്തിന് ഹമാസ് തുറന്ന യുദ്ധം നടത്തുമെന്നും എന്തുവിലകൊടുക്കാനും തയാറാണെന്നും മുതിർന്ന ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞു. എന്ത് ലക്ഷ്യത്തിനാണോ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ അവർ കൊലപ്പെടുത്തിയത്, ആ ലക്ഷ്യങ്ങൾ ഒരിക്കലും കൈവരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.