ഗസ്സയിൽ രാജ്യാന്തര സംഘടനകൾക്ക് നേരെയും ഇസ്രായേൽ ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കിൽ അറസ്റ്റ്
text_fieldsഗസ്സ: ഗസ്സയിൽ രാജ്യാന്തര സംഘടനകൾക്ക് നേരെയും ഇസ്രായേൽ ആക്രമണം. റെഡ്ക്രോസിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. മരുന്നുകളും അവശ്യ സാധനങ്ങളുമായി ഗസ്സ സിറ്റിയിലേക്ക് എത്തിയ അഞ്ച് ട്രക്കുകൾക്കും രണ്ട് റെഡ്ക്രോസ് വാഹനങ്ങൾക്കും നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് ട്രക്കുകൾ തകരുകയും ഒരു ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാനുഷിക പ്രവർത്തനങ്ങൾ സാധ്യമാകാത്ത സാഹചര്യമാണെന്ന് ഗസ്സയിലെ റെഡ് ക്രോസ് പ്രതിനിധി വില്യം സ്കോംബർഗ് വ്യക്തമാക്കി. ആവശ്യക്കാരായ സാധാരണക്കാർക്ക് അടിയന്തര സഹായം എത്തിക്കാൻ റെഡ്ക്രോസ് സംഘം ഗസ്സയിലുണ്ട്. മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് രാജ്യാന്തര നിയമപ്രകാരമുള്ള ബാധ്യതയാണെന്നും വില്യം ചൂണ്ടിക്കാട്ടി.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിലും അറസ്റ്റും നടത്തുന്നത് ഇസ്രായേൽ സേന തുടരുന്നതായി റിപ്പോർട്ട്. പുരുഷന്മാർ കീഴടങ്ങാനുള്ള സമ്മർദത്തിന്‍റെ ഭാഗമായി സ്ത്രീകളെയും കുടുംബാംഗങ്ങളെയും തടഞ്ഞുവെക്കുകയാണ്. ബന്ദികളാക്കുന്നതിന് സമാനമായ നിയമവിരുദ്ധ തടങ്കലാണ് നടക്കുന്നതെന്ന് ഫലസ്തീനികൾ പറയുന്നു.
ഹെബ്റോണിൽ രണ്ട് മുതിർന്ന മാധ്യമപ്രവർത്തകരെ സൈനികർ തടങ്കിലാക്കി. കുട്ടികളെ പോലും പിടികൂടുകയും തടങ്കലിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്രായേലിനുള്ളത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ വ്യാപക തിരച്ചിലും അറസ്റ്റും സാധാരണ നടപടിയെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.
അതിനിടെ, വടക്കൻ ഗസ്സയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ അർധരാത്രിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒക്ടോബർ 31ന് ഇസ്രായേൽ കരയിലൂടെയുള്ള അധിനിവേശം ആരംഭിച്ച ശേഷം 31 സൈനികർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.