പല സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണണമെന്ന് ട്രംപ്; റീ-കൗണ്ടിനുള്ള നിയമങ്ങളറിയാം
text_fieldsവാഷിങ്ടൺ: യു.എസിൽ തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇനിയും പൂർണമായ ഫലം പുറത്ത് വന്നിട്ടില്ല. കോവിഡിനെ തുടർന്ന് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം ഉയർന്നതാണ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പല സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. നേരിയ മാർജിനിൽ ബൈഡൻ ജയിച്ച സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിൻെറ ആരോപണം. പക്ഷേ, വീണ്ടും വോട്ടെണ്ണണമെങ്കിൽ യു.എസിലെ ഒാരോ സംസ്ഥാനങ്ങളിലും നിയമങ്ങൾ വ്യത്യസ്തമാണ്.
പെൻസൽവേനിയ
രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 0.5 ശതമാനമോ അതിൽ താഴെയാണെങ്കിലോ മാത്രമാണ് പെൻസൽവേനിയയിൽ വീണ്ടും വോട്ടെണ്ണുക. സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസം അതിന് മുകളിലാണെങ്കിൽ സംസ്ഥാന കോടതിയിൽ ഹരജി നൽകി പൂർണമായോ ഭാഗികമായോ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാം. അതിനുള്ള ചെലവ് സ്ഥാനാർഥികൾ വഹിക്കണം. നവംബർ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൻെറ വീണ്ടും വോട്ടെണ്ണൽ പൂർത്തിയാകണമെങ്കിൽ നവംബർ 24 ആകും.
ജോർജിയ
സ്ഥാനാർഥികൾ തമ്മിൽ വോട്ട് വ്യത്യാസം 0.5 ശതമാനമോ അതിൽ താഴെയാണെങ്കിൽ മാത്രമേ ജോർജിയയിലും വീണ്ടും വോട്ടെണ്ണു. ഇതിനായി ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനൊപ്പം വോട്ടെണ്ണലിൽ പിഴവുണ്ടായെന്നത് തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.
വിസ്കോസിൻ
വിസ്കോസിനിൽ വോട്ടെണ്ണൽ പൂർത്തിയായി 13 ദിവസങ്ങൾക്കുള്ളിൽ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാം. സ്ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസ 0.25 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ ഇതിന് സാധിക്കും. വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ടയാൾ ചെലവ് വഹിക്കണം. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടായാൽ ഈ തുക തിരികെ നൽകും.
മിഷിഗൺ
സ്ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 2,000 വോട്ടിന് താഴെയാണെങ്കിൽ മിഷിഗണിൽ വീണ്ടും വോട്ടെണ്ണും. അല്ലാത്തപക്ഷം മിഷഗൺ സെക്രട്ടറിക്ക് 48 മണിക്കൂറിനുള്ളിൽ അപേക്ഷ നൽകണം. വീണ്ടും വോട്ടെണ്ണുന്നതിൻെറ ചെലവ് സ്ഥാനാർഥി വഹിക്കണം. 30 ദിവസത്തിനുള്ളിൽ വീണ്ടും വോട്ടെണ്ണി ഫലം പുറത്തുവിടും.
നെവാഡ
നെവാഡയിൽ സ്ഥാനാർഥികൾക്ക് സ്റ്റേറ്റ് സെക്രട്ടറിയോട് വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാം. ചെലവ് അവർ തന്നെ വഹിക്കണം. തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടായാൽ ഈ പണം തിരികെ നൽകും. വീണ്ടും വോട്ടെണ്ണി 10 ദിവസത്തിനകം നെവാഡയിൽ ഫലം പ്രഖ്യാപിക്കും.
രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസം 0.10 ശതമാനത്തിന് താഴെയാണെങ്കിൽ അരിസോണയിൽ വീണ്ടും വോട്ടെണ്ണും. വീണ്ടും വോട്ടെണ്ണി തീർക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാകും വീണ്ടും വോട്ടെണ്ണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.