തകർന്ന ഹെലികോപ്ടർ കണ്ടെത്തിയതായി ഇറാൻ റെഡ് ക്രസന്റ്
text_fieldsതെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്ടർ കണ്ടെത്തി. യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. യാത്രക്കാർ ജീവനോടെയില്ലെന്നാണ് സൂചന. കോപ്ടർ തകർന്നുവീണ മേഖലയിൽ രക്ഷാപ്രവർത്തക സംഘം എത്തിയതായി ഇറാൻ റെഡ് ക്രസന്റ് ആണ് അറിയിച്ചത്.
ഹെലികോപ്ടർ കാണാതായെന്ന് കരുതുന്ന സ്ഥലത്ത് താപനില കൂടിയ മേഖല തുർക്കിയയുടെ ഡ്രോൺ കണ്ടെത്തിയിരുന്നു. ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ്. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് ഇവിടെ താപനില കൂടിയ മേഖല കണ്ടെത്തിയത്. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്നാണ് കരുതുന്നത്. തുടർന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങിയത്. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരിച്ചുപോരും വഴിയിൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.