ആഗോളതാപനം കുറക്കൽ: ബിൽഗേറ്റ്സിന്റെ 'സൂര്യപ്രകാശത്തെ തടയൽ'പദ്ധതി ഉടൻ നടക്കില്ല
text_fieldsന്യൂയോർക്ക്: ആഗോളതാപനം ചെറുക്കാൻ സൂര്യപ്രകാശ കിരണങ്ങളെ തടയുന്ന ബിൽഗേറ്റ്സിെൻറ പരീക്ഷണ പദ്ധതിയിൽ നിന്നും സ്വീഡിഷ് സ്പേസ് കോര്പറേഷൻ പിൻവാങ്ങി. സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞുകൊണ്ട് കാലാവസ്ഥാ മാറ്റത്തെ തടയാനുള്ള പരീക്ഷണത്തിന് നിരവധി ശാസ്ത്രജ്ഞരില്‍ നിന്നു തന്നെ വ്യാപക എതിര്‍പ്പുകളുണ്ടായ സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. സ്ട്രാറ്റോസ്ഫെറിക് കൺട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെൻറ് (എസ്.സി.ഒ.പി.ഇ.എക്സ്-സ്കോപെക്സ്) എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ ജിയോ എൻജിനീയറിങ് പരീക്ഷണത്തിന് സ്വീഡിഷ് സ്പേസ് കോര്‍പറേഷനായിരുന്നു തയാറായിരുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയുടെ സോളാര്‍ ജിയോ എൻജിനീയറിങ് ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചത്. എന്നാൽ, ഇത് ഭൂമിക്ക് വിപരീതഫലമുണ്ടാക്കുമെന്ന് വിമർശനം ഉയർന്നതോടെ സ്വീഡിഷ് സ്പേസ് കോര്പറേഷൻ തന്നെ പിന്മാറുകയായിരുന്നു.
ആഗോള താപനത്തിന് പരിഹാരം കാണുവാന്‍ ഇൗ ആശയത്തിന് സാധിക്കുമെന്ന് മനസ്സിലാക്കിയാണ് പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ചതെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്സ് പറഞ്ഞിരുന്നു. 100 ദശലക്ഷം ഡോളറാണ് ബില്‍ഗേറ്റ്സ് ശാസ്ത്രലോകത്തിന് കൗതുകമായ പദ്ധതിക്ക് സഹായം പ്രഖ്യാപിച്ചത്.
പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഖര, ദ്രാവക സൂക്ഷ്മ ഘടകങ്ങള്െവച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കൂടുതലായി എത്തുന്നത് തടയുന്നതാണ് ഈ ആശയം. ബലൂണുകളും മറ്റും ഉപയോഗിച്ച് 100 ഗ്രാം മുതല്‍ രണ്ട് കിലോ വരെ ഭാരത്തിലുള്ള സൂക്ഷ്മ വസ്തുക്കളുടെ വ്യാപനം 20 കിലോമീറ്റര്‍ ഉയരത്തില്‍ പറത്തിയാണ് പദ്ധതികണ്ടിരുന്നത്. വരുന്ന ജൂണിലാണ് ആര്‍ട്ടിക്കിലെ എസ്റാഞ്ച് സ്പേസ് സെൻററില്‍ നിന്നും ബലൂണ്‍ പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.
2010ല്‍ ഒരു അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സ് സൂര്യപ്രകാശത്തെ ഭൂമിയിലെത്താതെ പ്രതിഫലിപ്പിച്ചുകൊണ്ട് ആഗോളതാപനത്തേയും കാലാവസ്ഥ വ്യതിയാനത്തേയും ചെറുക്കാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. സ്വീഡിഷ് സ്പേസ് കോർപറേഷൻ പദ്ധതിയിൽനിന്നും പിൻവാങ്ങിയെങ്കിലും ബിൽഗേറ്റ്സ് തെൻറ ആശയം ഉപേക്ഷിച്ചിട്ടില്ല. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം കാലങ്ങളായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ, ഇത്തരം പരീക്ഷണം പരാജയപ്പെട്ടാൽ മനുഷ്യന് ജീവിക്കാൻ സാധിക്കാത്തവിധം ഭൂമി ഒരു മഞ്ഞുഗ്രഹമായി മാറുമോയെന്ന് പലരും ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.