ഫ്രഞ്ച് പ്രസിഡന്റിനെക്കുറിച്ച പരാമർശം; പുലിവാലുപിടിച്ച് ലിസ് ട്രസ്
text_fieldsലണ്ടൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ കുറിച്ച് ബ്രിട്ടനിൽ പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന ലിസ് ട്രസ് നടത്തിയ പരാമർശം വിവാദമായി. മാക്രോൺ യു.കെയുടെ സുഹൃത്താണോ ശത്രുവാണോ എന്ന കാര്യത്തിൽ തീരുമാനമാകുമെന്നും താൻ പ്രധാനമന്ത്രിയായാൽ ഇക്കാര്യം മാക്രോണിന്റെ വാക്കുകൾ പരിഗണിച്ചല്ല, പ്രവൃത്തി വിലയിരുത്തി തീർപ്പാക്കുമെന്നുമാണ് ടോറി നേതാവും വിദേശകാര്യ സെക്രട്ടറിയുമായ ലിസ് ട്രസ് പറഞ്ഞത്.
വ്യാഴാഴ്ച വൈകീട്ട് നോർവിച്ചിൽ നടന്ന പരിപാടിക്കിടെ ഉയർന്ന ചോദ്യത്തോടുള്ള പ്രതികരണമാണ് അതിരുകടന്നത്. ഫ്രഞ്ച് പ്രസിഡന്റ് സുഹൃത്താണെന്നും താൻ ബോറിസ് ജോൺസന്റെ പിൻഗാമിയായാൽ യു.കെയും യൂറോപ്പുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിപദത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാളായ ഋഷി സുനകിന്റെ പ്രതികരണം.
ട്രസിന്റെ മുഖത്തടിച്ചപോലുള്ള പ്രതികരണത്തിനെതിരെ പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തെത്തി. യു.കെയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ രാജ്യത്തിനോടുള്ള അവഹേളനമാണ് ട്രസ് നടത്തിയതെന്ന് പാർട്ടി പ്രതികരിച്ചു. ടോറികളും ട്രസിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളിട്ടു. ഗുരുതരമായ പിശകാണ് ട്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുൻ വിദേശകാര്യ മന്ത്രി അലിസ്റ്റെയർ ബർട് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കൂടുതൽ അനുനയം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ബ്രെക്സിറ്റിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ബന്ധത്തിലെ വിള്ളലുകൾ ഉൾപ്പെടെ അപഗ്രഥിച്ചാണ് ഫ്രഞ്ച് മാധ്യമങ്ങൾ ട്രസിന്റെ പ്രസ്താവന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.