'അഭയാർഥികളോട് സഹിഷ്ണുത കാണിക്കണം'; യൂറോപ്യൻ രാജ്യങ്ങളോട് മാർപാപ്പ
text_fieldsപാരിസ്: അഭയാർഥികളോട് കൂടുതൽ സഹിഷ്ണുത കാണിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ ഫ്രഞ്ച് നഗരമായ മാഴ്സെയിൽ ബിഷപ്പുമാരുമായും മെഡിറ്ററേനിയൻ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളുമായും സംവദിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചടങ്ങിൽ സന്നിഹിതനായിരുന്നു.
കടലിൽ ജീവൻ അപായപ്പെടുത്തുന്നവർ അധിനിവേശകരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽ കഴിഞ്ഞയാഴ്ച വൻതോതിൽ അഭയാർഥികൾ എത്തിയതിന്റെ പശ്ചാത്തലത്തിൽ അഭയാർഥി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്. അതേസമയം, വെള്ളിയാഴ്ച മാഴ്സെയിൽ മാർപാപ്പയെ സ്വീകരിച്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ, ദ്വീപിൽനിന്നുള്ള അഭയാർഥികളെ രാജ്യം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ 199 ബോട്ടുകളിലായി 8500ഓളം അഭയാർഥികളാണ് ഇറ്റാലിയൻ ദ്വീപിൽ എത്തിയത്.
കുടിയേറ്റം ഒരു അടിയന്തര സാഹചര്യമല്ലെന്നും മറിച്ച് ഇന്നത്തെ കാലത്തെ യാഥാർഥ്യമാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ബുദ്ധിപൂർവകമായ കാഴ്ചപ്പാടോടെ ഈ വിഷയം കൈകാര്യം ചെയ്യണം. മെഡിറ്ററേനിയനിൽനിന്നുയരുന്ന വിലാപങ്ങൾക്ക് നാം ചെവി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധക്കെടുതി, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാൽ അഭയം തേടി എത്തുന്നവരിൽ നിശ്ചിത എണ്ണം ആളുകളെ നിയമപ്രകാരം സ്വീകരിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.മാർപാപ്പയെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് തെരുവോരങ്ങളിൽ തടിച്ചുകൂടിയിരുന്നത്.റോമിലേക്ക് തിരിച്ചുപോകുന്നതിനു മുമ്പ് വെലോഡ്രോം സ്റ്റേഡിയത്തിൽ അദ്ദേഹം കുർബാന അർപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.