ആവർത്തിച്ച് ആകാശദുരന്തങ്ങൾ; നടുങ്ങി നേപ്പാൾ
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടങ്ങൾ ആവർത്തിക്കുകയാണ്. വിമാനങ്ങൾ സമയത്തിന് അറ്റകുറ്റപ്പണി നടത്താതിരിക്കുക, മതിയായ പരിശീലനം ഇല്ലായ്മ എന്നിവയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഉയർന്ന പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശങ്ങളും മോശം കാലാവസ്ഥയും വിദഗ്ധ പൈലറ്റുമാർക്കുപോലും വെല്ലുവിളിയാണ്. സമീപകാലങ്ങളിൽ നിരവധി വ്യോമ ദുരന്തങ്ങളാണ് രാജ്യത്തെ നടുക്കിയത്.
•2022 മേയ് 29
താര കമ്പനിയുടെ വിമാനം നേപ്പാളിലെ മുസ്താംഗിൽ തകർന്നുവീണ് 22 പേര് മരിച്ചു. ഇവരിൽ നാല് ഇന്ത്യക്കാരാണ്.
•2019 ഏപ്രിൽ 14
വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ട് ഹെലികോപ്ടറുകളിൽ ഇടിച്ച് മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
•2018 മാര്‍ച്ച് 12
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽനിന്നുള്ള വിമാനം കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്ന് 51 പേര് മരിച്ചു. റണ്‍വേയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം സമീപത്തെ ഫുട്ബാള്‍ ഗ്രൗണ്ടിലേക്ക് തെന്നിവീഴുകയും തീപിടിക്കുകയുമായിരുന്നു.
•2016 ഫെബ്രുവരി 24
താരാ എയറിന്റെ വിമാനം നേപ്പാളിലെ മ്യാഗ്ഡി ജില്ലയിൽ തകർന്ന് 23 പേർ മരിച്ചു.
•2016 ഫെബ്രുവരി 16
അർഘഖാഞ്ചി ജില്ലയിൽ നേപ്പാൾ എയർലൈൻസ് വിമാനം തകർന്ന് 18 പേർ മരിച്ചു.
•2012 മേയ് 14
വടക്കന്‍ നേപ്പാളിലെ ജോംസം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ വിമാനം തകര്‍ന്ന് ഇന്ത്യൻ തീർഥാടകരടക്കം 15 പേർ മരിച്ചു.
•2011 സെപ്റ്റംബര്‍ 25
കാഠ്മണ്ഡുവിൽ വിമാനം തകർന്ന് 19 പേർ മരിച്ചു.
•2010 ഡിസംബർ 15
കിഴക്കൻ നേപ്പാളിൽ വിമാനം തകർന്ന് 22 പേർ മരിച്ചു.
•2010 ആഗസ്റ്റ് 24
കാഠ്മണ്ഡുവിനടുത്ത് അഗ്നി എയർ വിമാനം തകർന്നുവീണ് 14 പേർ മരിച്ചു.
•1992 സെപ്റ്റംബർ 28
പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം കാഠ്മണ്ഡുവിന് സമീപം തകർന്ന് 167 പേർ മരിച്ചു. നേപ്പാളിലെ എക്കാലത്തെയും വലിയ വിമാനാപകടമായിരുന്നു ഇത്.
ഉദ്ഘാടനം പുതുവർഷത്തിൽ; പിന്നാലെ പറന്നിറങ്ങി ദുരന്തം
കാഠ്മണ്ഡു: രണ്ടാഴ്ചമുമ്പ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ഉദ്ഘാടനം ചെയ്ത പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് 72 പേരുമായി വിമാനം തകർന്നുവീണത്. അന്നപൂർണ മലനിരകൾക്കുസമീപം ഈ മാസം ഒന്നിനാണ് വിമാനത്താവളം തുറന്നുകൊടുത്തത്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ് കോഓപറേഷന്റെ ഭാഗമായിട്ടായിരുന്നു നിർമാണം. വിനോദസഞ്ചാര മേഖലയായ ഇവിടെ വിമാനത്താവളം സ്ഥാപിക്കാൻ 2016ൽ ചൈനയുമായി 215.96 മില്യൺ ഡോളർ (ഏകദേശം 1755 കോടി രൂപ) വായ്പ കരാറാണ് ഒപ്പിട്ടത്. കഴിഞ്ഞ വർഷമാണ് നിർമാണത്തിനുശേഷം ചൈന വിമാനത്താവളം കൈമാറിയത്.
പഴയ വിമാനത്താവളത്തിനും പുതിയതിനുമിടയിൽ സേതി നദിയുടെ കരയിലാണ് യതി എയർലൈൻസിന്റെ വിമാനം ഞായറാഴ്ച രാവിലെ 11ന് തകർന്നുവീണത്.
മരിച്ചവരിൽ പത്തനംതിട്ടയിൽനിന്ന് സംസ്കാര ശുശ്രൂഷ കഴിഞ്ഞ് മടങ്ങിയവരും
മല്ലപ്പള്ളി (പത്തനംതിട്ട): ആനിക്കാട് തൊമ്മിക്കാട്ടിൽ വീട്ടിൽ ഒരു വിയോഗത്തിന്റെ വേദന മാറുംമുമ്പാണ് മറ്റൊരു ദുഃഖവാർത്ത എത്തുന്നത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ നേപ്പാൾ സ്വദേശികളായ റാബിൻ ഹമൽ, രാജു ടക്കൂരി, അനിൽ ഷാഹി എന്നിവർ നേപ്പാളിലെ പൊഖ്റായിലുണ്ടായ വിമാനാപകടത്തിൽ മരിച്ചതായി വിവരം ലഭിച്ചപ്പോൾ തൊമ്മിക്കാട്ട് കുടുംബം അക്ഷരാർഥത്തിൽ തകർന്നുപോയി.
കഴിഞ്ഞ ബുധനാഴ്ച മരിച്ച ആനിക്കാട് നൂറോന്മാവ് മുറ്റത്തുമാവ് തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ (76) സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നേപ്പാളിൽനിന്നുള്ള അഞ്ചംഗ സംഘം വെള്ളിയാഴ്ച പുലർച്ചയാണ് കേരളത്തിൽ എത്തുന്നത്. 40 വർഷം നേപ്പാളിൽ ബ്രദറൻ സഭയുടെ സുവിശേഷ പ്രചാരകനായിരുന്ന മാത്യു ഇവരുമായി നല്ല ആത്മബന്ധത്തിലായിരുന്നു. മാത്യു കഴിഞ്ഞ 10 വർഷമായി നാട്ടിലായിരുന്നു.
പിതൃസ്ഥാനത്ത് കണ്ടിരുന്ന മാത്യുവിനെ കാണാൻ നേപ്പാൾ സംഘം ഇടക്കിടെ വരുമായിരുന്നു. നേപ്പാളിൽ സുവിശേഷ പ്രവർത്തകരായിരുന്നു അഞ്ചംഗ സംഘം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആനിക്കാട് മുറ്റത്തുമാവ് ബ്രദറൻ സഭ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. അന്നുതന്നെ വൈകീട്ട് ഏഴോടെ വീട്ടിൽനിന്ന് ഇറങ്ങി നെടുമ്പാശ്ശേരിയിൽനിന്ന് മുംബൈ വഴി കാഠ്മണ്ഡുവിൽ എത്തി.
തങ്ങൾ സുരക്ഷിതരായി എത്തിയെന്ന് അനിൽ ഷാഹി വാട്സ്ആപ്പിൽ സന്ദേശം അയച്ചതായി മാത്യു ഫിലിപ്പിന്റെ ഇളയ സഹോദരന്റെ മകൻ ബിബിൻ തോമസ് പറഞ്ഞു. സംഘത്തിലെ ദീപക് തമാഹ്, സരൺ എന്നിവർ കാഠ്മണ്ഡുവിൽ ഇറങ്ങി അവരവരുടെ വീടുകളിലേക്ക് പോയി.
ഇതിൽ സരൺ അപകടത്തിൽപെട്ട വിമാനത്തിൽ കയറാൻ ഇരുന്നതാണെങ്കിലും ആരോഗ്യ പ്രശ്നങ്ങൾമൂലം അവസാനനിമിഷം യാത്ര മാറ്റി. മറ്റ് മൂന്നുപേരും അപകടത്തിൽപെട്ട വിമാനത്തിൽ പൊഖ്റായിലേക്ക് യാത്രതരിച്ചു. 20 മിനിറ്റു മാത്രമുള്ള ആ യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.