സുഡാനിൽ ലൈംഗികാതിക്രമം വ്യാപകമെന്ന് റിപ്പോർട്ട്
text_fieldsകൈറോ: സുഡാനിലെ ആഭ്യന്തര കലാപത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് സ്ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. പീഡനത്തെതുടർന്ന് നിരവധി സ്ത്രീകൾ മരിച്ചതായും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർ.എസ്.എഫ്) തടവിൽ കഴിയേണ്ടി വന്ന സ്ത്രീകളും പെൺകുട്ടികളും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. തലസ്ഥാനമായ ഖർത്തൂമിലും തൊട്ടടുത്ത ഓംദുർമൻ, ഉത്തര ഖാർത്തൂം തുടങ്ങിയ പട്ടണങ്ങളിലുമാണ് 15 മാസത്തോളം സുഡാൻ സൈന്യവും ആർ.എസ്.എഫും അഴിഞ്ഞാടിയത്. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ ഒമ്പത് മുതൽ 60 വരെ വയസ്സുള്ള 262 സ്ത്രീകളുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. അടിയന്തര സഹായത്തിനെത്തിയ സന്നദ്ധസേവന പ്രവർത്തകരും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.
ഈ കുറ്റകൃത്യങ്ങളിൽ സുഡാന്റെ സായുധസേനക്കും പങ്കുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ഐക്യരാഷ്ട്രസഭയും ആഫ്രിക്കൻ യൂനിയനും സംയുക്ത ദൗത്യം സ്ഥാപിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാനോട് വിശ്വസ്തത പുലർത്തുന്ന സുഡാനീസ് സായുധസേനയും ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയെ പിന്തുണക്കുന്ന ആർ.എസ്.എഫും തമ്മിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഭ്യന്തര യുദ്ധം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.