ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയെന്ന് റിപ്പോർട്ട്
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ സേന. മൂന്നു ദിവസത്തിനിടെ മേഖലയിൽ നൂറിലേറെ തവണയാണ് ബോംബിട്ടത്.
നിരവധി സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ മാത്രം 88 പേർ കൊല്ലപ്പെടുകയും 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകൻ മുഹമ്മദ് ഹിജാസിയും ഉൾപ്പെടും. അതിനിടെ, അതിശൈത്യം കാരണം മറ്റൊരു നവജാത ശിശു കൂടി ഗസ്സയിൽ മരിച്ചു. ഇസ്രായേൽ വംശഹത്യക്കിടെ തണുപ്പിൽ മരവിച്ച് മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.
അതേസമയം, ഖത്തറിലെ ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ പങ്കെടുക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണിയ തിങ്കളാഴ്ച ഖത്തറിലേക്ക് പോകുമെന്നാണ് വിവരം.
ഇസ്രായേലും ഹമാസും തമ്മിലുള്ള ഭിന്നതകൾ പരിഹരിച്ചുവെന്ന് ഫലസ്തീന്റെ രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറബി അൽ ജദീദ് വാർത്ത പോർട്ടൽ അറിയിച്ചു. അന്തിമ തീരുമാനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കാത്തിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി നെതന്യാഹു ജറൂസലമിലെ ഓഫിസിൽ പ്രമുഖ മന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തു. അതേസമയം, ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന് ഇസ്രായേൽ സർക്കാർ മാധ്യമമായ കാൻ അറിയിച്ചു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്.
ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ശക്തമായ പ്രതിഷേധം നടന്നു. തെൽ അവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് പുറത്താണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി. അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ സൈനിക നടപടികൾ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ കുട്ടികളും മുൻ തടവുകാരും ഉൾപ്പെടെ കുറഞ്ഞത് 20 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തടവിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.