അമേരിക്കയെ സുവർണയുഗത്തിലേക്ക് നയിക്കുമെന്ന് ട്രംപ്; സെനറ്റും പിടിച്ച് റിപ്പബ്ലിക്കൻസ്
text_fieldsവാഷിങ്ടൺ: ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ തന്‍റെ വിജയം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗം. നിർണായകമായ ഏഴു സ്വിങ് സ്റ്റേറ്റുകളിലും മിന്നുംജയം ഉറപ്പിച്ചാണ് ട്രംപ് അമേരിക്കയുടെ 47ാം പ്രസിഡന്‍റാകുന്നത്.
അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമെന്ന ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അനുവദിച്ച അമേരിക്കൻ ജനതക്ക് ഇതൊരു ഗംഭീര വിജയമാണ്. നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണ്. അമേരിക്കൻ ജനതക്ക് നന്ദി പറയുന്നു. യു.എസ് ഇതുവരെ കാണാത്ത വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഹർഷാരവത്തോടെയാണ് അണികൾ ട്രംപിന് വരവേറ്റത്.
അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണെന്ന് പ്രഖ്യാപിച്ച ട്രംപ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഭാര്യ മെലാനിയക്കും അദ്ദേഹം നന്ദി പറഞ്ഞു. യു.എസ് സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനായി. നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍സ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത്.
സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ് നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റുകൾ ലഭിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചതോടെയാണ് ഭൂരിപക്ഷം നേടിയത്. ജനപ്രതിനിധി സഭയിലും പാർട്ടിക്ക് ആധിപത്യം ഉറപ്പിക്കാനായി. ഇലക്ടറൽ വോട്ടുകളിൽ 267 വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയത്. കമലക്ക് 214 വോട്ടുകളും. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും.
ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. നേരത്തെ, സ്വിങ് സ്റ്റേറ്റുകളിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സർവേ ഫലങ്ങൾ പറഞ്ഞിരുന്നത്. ഇതിൽ നോർത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപ് തൂത്തുവാരി. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.