ഇസ്രായേൽ ബോംബിട്ട് തകർത്ത ലബനാനിലെ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തത് 30 മൃതദേഹങ്ങൾ
text_fieldsബൈറൂത്: ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ബർജയിലെ പാർപ്പിട സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 മൃതദേഹങ്ങൾ പുറത്തെടുത്തതായി ലബനാൻ സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവ സ്ഥലത്ത് ബുധനാഴ്ചയും തിരച്ചിൽ തുടരുകയാണ്. എത്രപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം അറിയിപ്പൊന്നും നൽകിയിരുന്നില്ല. സൈന്യത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച തെക്കൻ ലബനാനിലെ ടൈർ ജില്ലയിലും നബാത്തിയ ഗവർണറേറ്റിലും ഇസ്രായേൽ ആക്രമണമുണ്ടായി.
അതിനിടെ, വടക്കൻ ഇസ്രായേലിലെ കിര്യാത്ത് ഷമോണ നഗരത്തിലും സാസ കുടിയേറ്റ മേഖലയിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇതിനുപുറമെ, ഗലീലിയിലെ കഫാർ സോൾഡ് പ്രദേശത്ത് റോക്കറ്റ് ആക്രമണവും അധിനിവിഷ്ട ഗോലാൻ മേഖലയിൽ മിസൈൽ ആക്രമണവും നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
അതേസമയം, ഇസ്രായേലിന് ആയുധം നൽകുന്നത് യു.എൻ വിലക്കണമെന്ന തുർക്കിയയുടെ ആവശ്യത്തെ ഈജിപ്തും പിന്തുണച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഹ്വാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.