പാകിസ്താനിൽ ശക്തമായ ഭൂചലന സാധ്യത പ്രവചിച്ച് ഗവേഷകർ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ വരും ദിവസങ്ങളിൽ ശക്തമായ ഭൂചലനങ്ങൾക്ക് സാധ്യത പ്രവചിച്ച് നെതർലൻഡ്സ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം. സാമൂഹിക മാധ്യമമായ എക്‌സ് വഴിയാണ് ഭൂകമ്പസാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. സോളാർ സിസ്റ്റം ജ്യോമെട്രി സർവേ പ്രകാരം പാകിസ്താന്‍റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ അന്തരീക്ഷ ഏറ്റക്കുറച്ചിലുകൾ കാണപ്പെട്ടുവെന്നും അത് വരാനിരിക്കുന്ന ശക്തമായ ഭൂചലനത്തിന്‍റെ സൂചനകളാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം.
പ്രവചങ്ങൾ പലരിലും ആശങ്ക സൃഷ്ടിക്കുമെങ്കിലും ഭൂകമ്പ പ്രവചനത്തെക്കുറിച്ച് ഒരു നിഗമനത്തിൽ എത്തുംവരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് ഡച്ച് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർബീറ്റ്സ് നിർദേശം നൽകി. മുൻപ് നടത്തിയ പഠനങ്ങളിൽ കഴിഞ്ഞ സെപ്തംബർ 30 ന് പാകിസ്താന്‍റെയും സമീപ പ്രദേശങ്ങളുടെയും ഭാഗങ്ങളിൽ ശക്തമായ രീതിയിൽ അന്തരീക്ഷ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മുൻപ് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ പ്രവചനം നടത്താൻ ഇത്തരം പഠനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഗ്രഹങ്ങളുടെ വിന്യാസം അടിസ്ഥാനമാക്കി നടത്തുന്ന ഹൂഗർബീറ്റ്സ് സാങ്കേതിക വിദ്യയാണ് ഇത്തരത്തിലുള്ള പഠനങ്ങൾ നടത്താൻ ഗവേഷകരെ പ്രാപ്തരാക്കുന്നത്.
ഇപ്പോൾ വന്നിരിക്കുന്ന പഠന റിപ്പോർട്ട് ശക്തമായ ഭൂചലനത്തിന്റെ സൂചകമായിരിക്കാമെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സംഭവിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തുംവരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങൾ കൂടുതൽ നിർണായകമാണെന്നും വൈകാതെ സ്ഥിരീകരണങ്ങൾ ലഭിക്കുമെന്നും ആശങ്കപ്പെടുത്തുന്ന കിംവദന്തികൾക്കും പ്രസ്താവനകൾക്കും ഇതിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു "ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുമ്പോൾ, ചിലയാളുകൾ "വലിയ ഭൂകമ്പമുണ്ടാകുമെന്ന്" പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. കൂടാതെ സംഭവത്തിൽ പ്രതികരണവുമായി നാഷണൽ സുനാമി സെന്‍റർ കറാച്ചിയിലെ ഡയറക്ടർ അമീർ ഹൈദർ ലഘരി രംഗത്ത് വന്നു, ഇപ്പോൾ പ്രവചിച്ച ഭൂകമ്പത്തിന്‍റെ സമയവും സ്ഥലവും പ്രവചിക്കാൻ കഴിയില്ലെന്നും പാകിസ്താനിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിരേഖയ്‌ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും ഭൂകമ്പം ഉണ്ടാകാമെന്നും അത് പ്രവചിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരം ആശങ്കക്ക് സാധുതയില്ലെന്നും ലഘരി പറഞ്ഞതായി ദി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.