ചെറുത്തുനിന്ന് കിയവ്; റഷ്യൻ വിമാനം വെടിവെച്ചിട്ടു, മെട്രോ സ്റ്റേഷനിൽ സ്ഫോടനം
text_fieldsകിയവ്: തലസ്ഥാനം കീഴടക്കാനുള്ള റഷ്യൻ സേനയുടെ നീക്കത്തിനെതിരെ ചെറുത്തുനിന്ന് യുക്രെയ്ൻ സൈന്യം. കിയവിന് സമീപം ബിലാ സെർക്വയിൽ നൂറിലധികം സൈനികരെ വഹിക്കാൻ ശേഷിയുള്ള റഷ്യൻ വിമാനം വെടിവെച്ചിട്ടു. യുക്രെയ്ൻ തകർക്കുന്ന റഷ്യയുടെ രണ്ടാമത്തെ വിമാനമാണിതെന്ന് സ്റ്റേറ്റ് ഏജൻസി അറിയിച്ചു.
രാജ്യത്തിന്റെ പലയിടങ്ങളിലും റഷ്യ ആക്രമണം തുടരുകയാണ്. തീര മേഖലയായ ഒഡേസയിൽ രണ്ട് ചരക്ക് കപ്പലുകൾ തകർത്തു. മാൾഡോവ, പനാമ എന്നീ കപ്പലുകളാണ് തകർത്തത്.
യുക്രേനിയൻ മിലിറ്ററി യൂനിറ്റിന് സമീപമുള്ള ബെറെസ്റ്റീസ്ക മെട്രോ സ്റ്റേഷനിൽ കനത്ത വെടിവയ്പ്പ്പും സ്ഫോടനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽനിന്ന് രക്ഷനേടാനായി ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലാണ് ജനങ്ങൾ അഭയം തേടിയിട്ടുള്ളത്.
അതേസമയം, യുക്രെയ്നിലേക്ക് റഷ്യയുടെ കൂടുതൽ സൈന്യം എത്തുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ അമേരിക്കൻ സ്വകാര്യ ഏജൻസി പുറത്തുവിട്ടു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 20 മൈൽ അകലെ തെക്കൻ ബെലാറസിൽ കരസേനയുടെയും 150ഓളം ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകളുടെയും വലിയ വിന്യാസമുള്ളതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ബെലാറഷ്യൻ പട്ടണമായ ചോജ്‌നിക്കിക്ക് സമീപവും വലിയ ഹെലികോപ്റ്റർ വിന്യാസം കാണാം. 90-ലധികം ഹെലികോപ്റ്ററുകൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നു. ഇവയുടെ വിന്യാസം അഞ്ച് മൈലിലധികം നീളം വരും. നൂറുകണക്കിന് വാഹനങ്ങളുള്ള കരസേനയുടെ വലിയ വിന്യാസവും ചിത്രങ്ങളിലുണ്ട്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷധിച്ച് സ്വകാര്യ റഷ്യൻ വിമാനങ്ങൾക്ക് ബ്രിട്ടൺ വ്യോമപാത നിഷേധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.