ലഡാക്ക് അതിർത്തിത്തർക്കം; പരിഹരിക്കാൻ ഇന്ത്യ-ചൈന ധാരണ
text_fieldsഅസ്താന: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെയുള്ള ശ്രമങ്ങൾ ശക്തമാക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനാ കമ്യൂണിസ്റ്റ് പാർട്ടി (സി.പി.സി) പോളിറ്റ് ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യീയും കൂടിക്കാഴ്ചയിൽ സമ്മതിച്ചു.
കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യഥാർഥ നിയന്ത്രണരേഖയെ (എൽ.എ.സി) മാനിക്കുകയും അതിർത്തി പ്രദേശങ്ങളിൽ സമാധാനമുറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജയശങ്കർ വാങിനെ അറിയിച്ചു.
പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായിരിക്കണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നതാണ് ഇന്ത്യയുടെ സ്ഥിരമായ കാഴ്ചപ്പാടെന്ന് വിദേശകാര്യ മന്ത്രി ആവർത്തിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിനിടയിലാണ് ജയശങ്കർ-വാങ് ചർച്ച നടന്നത്. കിഴക്കൻ ലഡാകിലെ നിയന്ത്രണ രേഖയിൽ നിലവിലുള്ള സ്ഥിതി തുടരുന്നത് ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് അനുഗുണമല്ലെന്ന് ഇരുമന്ത്രിമാരും വിലയിരുത്തി.
യഥാർഥ നിയന്ത്രണ രേഖ സംരക്ഷിക്കപ്പെടണമെന്നും അതിർത്തിയിൽ സമാധാനം ഉറപ്പുവരുത്തണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. ഇതിനായുള്ള പ്രത്യേക കൂടിയാലോചന സമിതി ഉടൻ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.