തീപിടിത്തത്തിൽ നശിച്ച നോട്ടർ ദാം കത്തീഡ്രൽ വീണ്ടും തുറന്നു; മധ്യകാല ‘ഗോഥിക് മാസ്റ്റർപീസ്’ പുനഃർനിർമിച്ചത് 2,000 തൊഴിലാളികൾ
text_fieldsപാരിസ്: 2019 ഏപ്രിൽ 4 നുണ്ടായ തീപിടിത്തത്തെത്തുടർന്ന് നശിച്ച പാരീസിലെ വിഖ്യാതമായ നോട്ടർ ദാം കത്തീഡ്രൽ പുനഃർനിർമാണത്തിനു ശേഷം വീണ്ടും തുറന്നു. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഈ പ്രവർത്തനത്തിന് ലോകത്തോട് നന്ദി അറിയിച്ചു. ‘മഹത്തായ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങൾ വീണ്ടും ചെയ്തിരിക്കുന്നു. അസാധ്യമായത് നേടുക!’- അദ്ദേഹം പറഞ്ഞു.
ആർക്കിടെക്റ്റുകൾ, മേസൺമാർ തുടങ്ങിയവരുൾപ്പെടെ 2,000 തൊഴിലാളികളാണ് പുനഃർനിർമാണ പ്രവൃർത്തികളിലേർപ്പെട്ടത്. പാരീസിലെ സീൻ നദിയിലെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗോഥിക് മാസ്റ്റർപീസായ കത്തീഡ്രൽ പഴയ പ്രതാപത്തിൽ പുനഃസ്ഥാപിക്കുന്നത് തീവ്ര യജ്ഞമായി ഫ്രഞ്ച് ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് വർഷത്തിലേറെ നീണ്ട പ്രവൃത്തിക്കുശേഷം ഈ വാരാന്ത്യത്തിൽ അത് വീണ്ടും തുറന്നു.
ഫ്രഞ്ച് തലസ്ഥാനത്തിന്റെ പ്രതീകവും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായതുമായ സ്മാരകത്തിന്റെ രണ്ടാമത്തെ അനാവരണത്തിന് സാക്ഷ്യം വഹിക്കാൻ നനഞ്ഞ കാലാവസ്ഥയും കാറ്റും വകവെക്കാതെ പാരീസുകാരുടെയും വിനോദസഞ്ചാരികളുടെയും ഒരു കൂട്ടം പുറത്ത് ഒത്തുകൂടി.
സ്റ്റെയിൻ ഗ്ലാസ് വിൻഡോകൾ, ക്രീം സ്റ്റോൺ വർക്ക്, തടി കൊണ്ട് നിർമിച്ച മേൽക്കൂര, ഉയരുന്ന മേൽത്തട്ട് എന്നിവയുടെ തത്സമയ ദൃശ്യങ്ങൾ ഔദ്യോഗികമായി തുറക്കുന്നതിന്റെ ഒരാഴ്ച മുമ്പ് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. മുമ്പത്തേക്കാൾ മനോഹരമാക്കുന്നതിൽ മാക്രോൺ ലക്ഷ്യം കൈവരിച്ചതായാണ് പ്രതികരണം.
പുനരുദ്ധാരണത്തിനാവശ്യമായ 739 മില്യൺ ഡോളർ 150 രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകളിലൂടെയാണ് സമാഹരിച്ചത്. 2017ൽ 120 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്ത കത്തീഡ്രൽ വീണ്ടും തുറക്കുന്നതോടെ പ്രതിവർഷം 140 മുതൽ 150 ലക്ഷം വരെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ചർച്ച് അധികൃതർ പറഞ്ഞു.
പാരീസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള നൂറുകണക്കിന് ബിഷപ്പുമാരുടെയും വൈദികരുടെയും സാന്നിധ്യത്തിൽ ആദ്യ കുർബാന നടന്നു. വൈകുന്നേരം 6.30 ന് നടക്കുന്ന രണ്ടാമത്തെ കുർബാനയോടെ പൊതുജനങ്ങൾക്കായി തുറക്കും. ആദ്യ ആഴ്ച 2,500 പേർക്ക് സൗജന്യ ടിക്കറ്റിലൂടെ പ്രവേശനം നൽകും. ഓൺലൈൻ റിസർവേഷൻ സംവിധാനം വഴി ഡിസംബർ 16ന് കത്തീഡ്രൽ സന്ദർശകർക്കായി പൂർണമായും തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.