ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ ഉച്ചകോടി പുനരാരംഭിക്കും
text_fieldsസോൾ: ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ദക്ഷിണ കൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടത്തി. നാലുവർഷത്തെ ഇടവേളക്കുശേഷം ത്രിരാഷ്ട്ര ഉച്ചകോടി പുനരാരംഭിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക സംയുക്ത സൈനികാഭ്യാസങ്ങളുടെ പേരിൽ ഈ രാജ്യങ്ങളും ചൈനയും തമ്മിൽ അസ്വാരസ്യം നിലനിന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് രാഷ്ട്രീയപ്രാധാന്യമുണ്ട്. ദക്ഷിണ കൊറിയയും ജപ്പാനും യു.എസിന്റെ പ്രധാന സൈനിക സഖ്യകക്ഷികളാണ്. 80,000 യു.എസ് സൈനികർ ഈ രാജ്യങ്ങളിലുണ്ട്.
ഈ മാസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്ക സന്ദർശിച്ച് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ബന്ധം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെയാണ് യു.എസിന്റെ സഖ്യകക്ഷികളായ ദക്ഷിണ കൊറിയയുമായും ജപ്പാനുമായും സഹകരണത്തിന്റെ സാധ്യതകളിലേക്ക് ചൈന വാതിൽ തുറന്നത്. മൂന്നു രാജ്യങ്ങളുടെയുംകൂടി ജി.ഡി.പി മൊത്തം ലോകത്തിന്റെ 25 ശതമാനം വരും. വൻ സൈനികശക്തികൾകൂടിയായ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥ മേഖലയുടെ സുരക്ഷക്കുകൂടി ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്.
ഉത്തര കൊറിയക്ക് ചൈന നൽകുന്ന പിന്തുണയിൽ ദക്ഷിണ കൊറിയക്കും ജപ്പാനും അതൃപ്തിയുണ്ട്. തങ്ങൾ സാംസ്കാരികമായി ഇഴയടുപ്പമുള്ള, വേർപെടുത്താനാവാത്ത അയൽക്കാരാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി പാർക് ജിൻ പറഞ്ഞു. വ്യാപാരം, കാലാവസ്ഥ വ്യതിയാനം, സുരക്ഷഭീഷണി തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിതല സഹകരണം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി യോകോ കാമികാവയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പറഞ്ഞു. 2008 മുതൽ എല്ലാ വർഷവും ത്രിരാഷ്ട്ര ഉച്ചകോടി നടത്തിയിരുന്നത് നാലുവർഷം മുമ്പാണ് നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.