അഫ്ഗാനിൽ സൈനിക നീക്കം കടുപ്പിച്ച് താലിബാൻ; കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റാക്രമണം
text_fieldsകാബൂൾ: അമേരിക്കൻ സേന ദൗത്യം നിർത്തി മടങ്ങുന്ന അഫ്ഗാനിസ്താനിൽ സൈനിക നീക്കം ശക്തമാക്കി താലിബാൻ. ഔദ്യോഗിക സർക്കാർ ഭരണം നിലനിൽക്കുന്ന ഹെറാത്ത്, ലഷ്കർ ഗഹ്, കാണ്ഡഹാർ തുടങ്ങിയ നഗരങ്ങളിൽ ഇരുവിഭാഗവും തമ്മിൽ പോരാട്ടം ശക്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹെറാത്തിൽ താലിബാൻ മുന്നേറ്റം തടയാൻ നൂറുകണക്കിന് കമാൻഡോകളെ വിന്യസിച്ചതായി അഫ്ഗാൻ സർക്കാർ അറിയിച്ചു. ഹെൽമന്ദിലെ ലഷ്കർ ഗഹിലും കൂടുതൽ സൈനികരെ വൈകാതെ നിയോഗിക്കും. താലിബാൻ കേന്ദ്രങ്ങളിൽ അഫ്ഗാൻ സർക്കാറിനു പുറമെ യു.എസ് ബോംബറുകളും ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ട്. കാണ്ഡഹാറിൽ ബോംബാക്രമണങ്ങളിൽ അഞ്ച് സിവിലിയന്മാർ െകാല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം ഗ്രാമമേഖലകളും ഉൾപ്രദേശങ്ങളും വരുതിയിലാക്കുന്നതിന് മുൻഗണന നൽകിയ താലിബാൻ പ്രവിശ്യ തലസ്ഥാനങ്ങൾ സ്വന്തമാക്കാൻ പുതുതായി പോരാട്ടം ആരംഭിച്ചത് ഔദ്യോഗിക സർക്കാറിന് തലവേദനയാകും. ഇവ നഷ്ടമായാൽ കാബൂളും വഴിയെ വീഴുമെന്നതാണ് സ്ഥിതി. പുതിയതായി ആക്രമണം ശക്തമായ കാണ്ഡഹാറും ലഷ്കർ ഗഹും പിടിക്കാനായാൽ പരിസരത്തെ അഞ്ച് പ്രവിശ്യകൾ കൂടി പിടിയിലൊതുക്കൽ താലിബാന് എളുപ്പമാകും. മൂന്ന് പ്രധാന പട്ടണങ്ങളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി അഫ്ഗാൻ സർക്കാർ സൈനിക വക്താവ് ജനറൽ അജ്മൽ ഉറമർ ഷിൻവാരി അറിയിച്ചു.
അതിനിടെ, കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റ് പതിച്ചതോടെ ഇവിടെ തത്കാലം ആക്രമണം നിർത്തിവെച്ചിട്ടുണ്ട്. മൂന്ന് റോക്കറ്റുകളാണ് രാത്രിയിൽ താലിബാൻ ഇവിടെ വർഷിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഉപയോഗിച്ച് തങ്ങളുടെ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് കണക്കിലെടുത്താണ് റോക്കറ്റാക്രമണമെന്നാണ് താലിബാൻ വിശദീകരണം. രണ്ടെണ്ണം റൺവേയിലാണ് പതിച്ചത്. ഇതോടെ വിമാന സർവീസ് ഭാഗികമായി മുടങ്ങി.
രാജ്യത്തിന്‍റെ പടിഞ്ഞാറ് ഹെറാത്തിൽ താലിബാൻ പിടിമുറുക്കിയതായാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ. കടുത്ത ആക്രമണം തുടരുന്നതിനാൽ ഭീതി പൂണ്ട് ജനം വീടുകളിൽ അടച്ചിട്ടുകഴിയുകയാണ്. ലഷ്കർ ഗഹും ഏതുസമയവും വീഴാവുന്ന സ്ഥിതിയിലാണ്.
നിലവിൽ അഫ്ഗാൻ മണ്ണിന്‍റെ പാതിയിലേറെയും നിയന്ത്രിക്കുന്നത് താലിബാനാണ്. അവശേഷിച്ച മേഖലകളിൽ പലതും അതിവേഗം അവർക്ക് കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.