Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷമീമ ബീഗത്തെ...

ഷമീമ ബീഗത്തെ ഐ.എസിനുവേണ്ടി കടത്തിയത് കനേഡിയൻ ചാരനെന്ന് വെളിപ്പെടുത്തൽ; ഐ.എസിനു പിന്നിൽ ആരെന്ന ചോദ്യം വീണ്ടും

text_fields
bookmark_border
ഷമീമ ബീഗത്തെ ഐ.എസിനുവേണ്ടി കടത്തിയത് കനേഡിയൻ ചാരനെന്ന് വെളിപ്പെടുത്തൽ; ഐ.എസിനു പിന്നിൽ ആരെന്ന ചോദ്യം വീണ്ടും
cancel

ലണ്ടൻ: കനേഡിയൻ ഇന്റലിജൻസിനായും ഐ.എസിനായും ഇരട്ട ഏജന്റായി പ്രവർത്തിച്ച മുഹമ്മദ് അൽ റാഷിദ് എന്നയാളാണ് 'ജിഹാദി വധു' എന്ന് ആക്ഷേപിക്കപ്പെട്ട ബ്രിട്ടീഷുകാരി ഷമീമ ബീഗത്തെയും രണ്ട് സുഹൃത്തുക്കളെയും ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനക്കുവേണ്ടി സിറിയയിലേക്ക് കടത്തിയതെന്ന് വെളിപ്പെടുത്തൽ. പുതുതായി പുറത്തിറങ്ങിയ ദി സൺഡേ ടൈംസിന്റെ മുൻ സുരക്ഷ ലേഖകൻ റിച്ചാർഡ് കെർബജിന്റെ 'ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി ഫൈവ് ഐസ്' ആണ് വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഐ.എസ് എന്ന ഭീകര സംഘടന പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളിലേക്ക് നയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന വാദമുയർന്നിട്ടുണ്ട്.

ഷമീമ ബീഗത്തിന്റെ കാര്യത്തിൽ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവിസിന്റെ (സി.എസ്.ഐ.എസ്) പങ്ക് മറച്ചുവെക്കാൻ യു.കെ പിന്നീട് കാനഡയുമായി ഗൂഢാലോചന നടത്തിയെന്നും പുസ്തകത്തിൽ പറയുന്നു. ലോക നേതാക്കളുമായും നൂറിലധികം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി രചിച്ച കെർബജിന്റെ പുസ്തകം ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. യു.കെ, യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐസ്.

ജോർദാനിലെ കനേഡിയൻ എംബസിയിൽ അഭയം തേടിയപ്പോഴാണ് ചാരനായി കാനഡ റാഷിദിനെ നിയോഗിച്ചത്. 2015ൽ ലണ്ടനിൽനിന്ന് 15കാരിയായ വിദ്യാർഥിനി ഷമീമ ബീഗത്തിനൊപ്പം കൂട്ടുകാരികളായ അമീറ അബസെ (15), ഖദീസ സുൽത്താന (16) എന്നിവരെയും ഇയാൾ സിറിയയിലേക്ക് കടത്തിയെന്ന് പുസ്തകത്തിൽ പറയുന്നു. 2015ൽ തുർക്കി റാഷിദിനെ അറസ്റ്റ് ചെയ്ത ശേഷം തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെട്ടപ്പോൾ മാത്രമാണ് കാനഡ തങ്ങളുടെ പങ്കാളിത്തം സ്വകാര്യമായി സമ്മതിച്ചത്. തുടർന്ന് അത് മറച്ചുവെക്കാൻ ബ്രിട്ടീഷ് അധികൃതരുമായി ഗൂഢാലോചന നടത്തിയതായും പുസ്തകം ആരോപിക്കുന്നു. ബ്രിട്ടീഷ് മെട്രോപൊളിറ്റൻ പൊലീസ് സർവിസ് മൂവർക്കും വേണ്ടി അന്താരാഷ്ട്ര തലത്തിൽ തിരച്ചിൽ നടത്തുമ്പോൾ കാനഡ നിശബ്ദത പാലി​ച്ചെന്നും ഇതിൽ പറയുന്നു.

കൗമാരക്കാരെ കടത്തിയ കാര്യം കാനഡക്ക് അറിയാമായിരുന്നെന്ന് വെളിപ്പെട്ടതിനാൽ അന്വേഷണത്തിന് ആവശ്യമുയർന്നിട്ടുണ്ട്. ഐ.എസ് ഭീകരനെ വിവാഹം കഴിക്കാൻ നാടുവിട്ടെന്നായിരുന്നു ഷമീമക്കെതിരെ ഉയർന്ന ആരോപണം. ഇതോടെയാണ് 'ജിഹാദി വധു' എന്ന വിശേഷണവും വന്നത്. പുസ്തകം പുറത്തുവന്നതോടെ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം 2019ൽ എടുത്തുകളഞ്ഞ നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബ്രിട്ടനിലേക്ക് മടങ്ങുന്നതിൽനിന്ന് അവളെ വിലക്കാനുള്ള തീരുമാനം ശരിവെച്ച കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി വിധിയിൽ, അവളെ എങ്ങനെയാണ് സിറിയയിലേക്ക് കടത്തിയതെന്ന് ബ്രിട്ടീഷ് അധികാരികൾക്ക് അറിയാമായിരുന്നതായി പറഞ്ഞിരുന്നില്ല.

ഇപ്പോൾ 23 വയസ്സുള്ള ഷമീമ വടക്കൻ സിറിയയിലെ ഒരു ക്യാമ്പിൽ കഴിയുകയാണ്. നവംബറിൽ സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമീഷനിൽ കേസ് പുതുക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരിൽ വിചാരണ നേരിടേണ്ട അവസ്ഥയിലാണ് ഷമീമ. തന്നെ പ്രാദേശിക കോടതിയിൽ വിചാരണ ചെയ്തേക്കുമെന്നും ഒരുപക്ഷെ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്നും ഷമീമ ബീഗം പ്രതികരിച്ചതായി യു.കെ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാവുന്ന കാര്യങ്ങൾ അന്വേഷിക്കണമെന്ന് അവരുടെ കുടുംബത്തിന്റെ അഭിഭാഷകയായ തസ്‌നിമേ അകുഞ്ജി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaISISbritainShamima Begum
News Summary - Revealing that Shamima Begum was smuggled to IS by a Canadian spy; The question of who is behind IS again
Next Story