ഗസ്സയിൽ നിന്ന് ഇസ്രായേലിനോട് നിരുപാധിക പിന്മാറ്റം ആവശ്യപ്പെടരുത് -അന്താരാഷ്ട്ര കോടതിയിൽ യു.എസ്
text_fieldsഹേഗ്: യു.എന്നിൽ 14 രാജ്യങ്ങളും അനുകൂലിച്ചിട്ടും ഗസ്സ വെടിനിർത്തൽ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്ത് തോൽപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയിലും ഇസ്രായേൽ വംശഹത്യയുടെ കാവലാളായി അമേരിക്ക. ഇസ്രായേലിനെതിരെ വംശഹത്യ കേസിൽ ആറുദിവസം നീളുന്ന വാദങ്ങൾ പുരോഗമിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യു.എസിനായി എത്തിയ സ്റ്റേറ്റ് വകുപ്പ് ഇടക്കാല നിയമ ഉപദേഷ്ടാവ് റിച്ചാർഡ് സി വിസെകാണ് ഘോരഘോരം ഇസ്രായേലിനായി വാദിച്ചത്. വാദങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇസ്രായേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനം സ്വയം ഏറ്റെടുത്താണ് യു.എസ് പ്രതിനിധി വാദങ്ങൾ നിരത്തിയത്.
അധിനിവിഷ്ട ഭൂമികളിൽനിന്ന് ഇസ്രായേലിന്റെ നിരുപാധിക പിന്മാറ്റം ആവശ്യപ്പെടുന്നതിനു പകരം തങ്ങൾ മുന്നോട്ടുവെച്ച ‘ദ്വിരാഷ്ട്ര ചട്ടക്കൂട്’ അംഗീകരിക്കണമെന്ന് വിസെക് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം യു.എൻ രക്ഷാസമിതിയിലും ഇതേ ന്യായവുമായാണ് അമേരിക്ക ഒറ്റക്ക് വെടിനിർത്തൽ വീറ്റോ ചെയ്തത്. അന്താരാഷ്ട്ര കോടതിയിൽ ഫിജി മാത്രമാണ് അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത്.
ഇസ്രായേൽ തുടരുന്നത് അപാർതൈറ്റ് മാത്രമാണെന്ന് പറയുന്നത് ഫലസ്തീനി ജനതയെ ഉന്മൂലനം ചെയ്യാൻ അവർ നടത്തുന്ന ശ്രമങ്ങളെ മറച്ചുവെക്കുന്നതാകുമെന്ന് ക്യൂബയുടെ പ്രതിനിധി റോഡ്രിഗസ് കാമിയോ പറഞ്ഞു. ആധുനിക യുഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശമാണ് ഫലസ്തീനിലേതെന്ന് ഈജിപ്ത് പ്രതിനിധി ജാസ്മിൻ മൂസ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര കോടതിയിൽ 15 അംഗ ജഡ്ജ് പാനൽ നയിക്കുന്ന വാദങ്ങൾ തിങ്കളാഴ്ച അവസാനിക്കും.
വടക്കൻ ഗസ്സയിൽ ഭക്ഷണമെത്തിക്കുന്നത് നിർത്തി യു.എൻ
ഗസ്സ സിറ്റി: ഇസ്രായേൽ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുന്നതിനിടെ ഗസ്സയിൽ ദുരിതം ഇരട്ടിയാക്കി യു.എൻ സമിതി ഭക്ഷണവിതരണം നിർത്തി. നാലു മാസമായി ബോംബിങ്ങും കരയാക്രമണവും തുടരുന്ന വടക്കൻ ഗസ്സയിലാണ് ഭക്ഷണട്രക്കുകൾ അയക്കില്ലെന്ന് യു.എൻ തീരുമാനമെടുത്തത്.
മറ്റു വഴികളെല്ലാം നേരത്തേ അടഞ്ഞ ഇവിടെ മൂന്നു ലക്ഷത്തിലേറെ പേർ കൊടുംപട്ടിണിയിലാകുമെന്ന ആശങ്ക ശക്തമാണ്. സുക്ഷാകാരണങ്ങളാൽ ആഴ്ചകളായി ഇത് നിർത്തിവെച്ചതാണെന്നും ബുധനാഴ്ച പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും വിശന്നുവലഞ്ഞ ആൾക്കൂട്ടം ആദ്യ വാഹനവ്യൂഹം വളഞ്ഞതിനാൽ തുടരുന്നില്ലെന്നും യു.എൻ ഭക്ഷ്യ പദ്ധതി (ഡബ്ല്യു.എഫ്.പി) അറിയിച്ചു. ട്രക്കുകൾക്ക് പുറത്തുകയറുന്നതടക്കം ആൾക്കൂട്ട നീക്കം അപകടകരമായതിനാൽ സുരക്ഷ കണക്കിലെടുത്ത് നിർത്തുകയാണെന്നാണ് വിശദീകരണം.
ഭക്ഷണത്തിന് അവസാന മാർഗവും അടയുന്നത് കൂട്ടമരണം വരുത്തിവെക്കുമെന്നതിനാൽ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇസ്രായേൽ ആദ്യം കരയാക്രമണം നടത്തിയ വടക്കൻ ഗസ്സയിലെ ഏറെ പേരും ഒഴിഞ്ഞുപോയിരുന്നെങ്കിലും മറ്റിടങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണമായതോടെ നിരവധി പേർ തിരിച്ചുവരുകയായിരുന്നു.
അതിനിടെ, ഗസ്സയിലെ അഭയകേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 67 പേർ കൊല്ലപ്പെട്ടു. ദെയ്ർ അൽബലഹിലെ അൽഅഖ്സ രക്തസാക്ഷി ആശുപത്രിയിൽ മാത്രം 44 പേരുടെ മൃതദേഹം എത്തിച്ചതായി അധികൃതർ പറഞ്ഞു. സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ പ്രവർത്തകർ താമസിച്ച കെട്ടിടത്തിൽ ഇസ്രായേൽ ബോംബിങ്ങിൽ ബുധനാഴ്ച രണ്ടു പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ പുതിയ ആക്രമണത്തിന്റെ ഭാഗമായി രണ്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദേശിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.