വിലക്കയറ്റം: ബംഗ്ലാദേശിൽ പ്രക്ഷോഭം
text_fieldsധാക്ക: വിലക്കയറ്റം ചൂണ്ടിക്കാട്ടി ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. പ്രധാന റോഡുകൾ തടഞ്ഞ പ്രതിപക്ഷ പാർട്ടി അനുഭാവികളെ നീക്കാൻ പൊലീസ് റബർ ബുള്ളറ്റും കണ്ണീർ വാതകവും പ്രയോഗിച്ചു.
സമരക്കാർ പൊലീസിനു നേരെ കല്ലും പെട്രോൾ ബോംബും എറിയുകയും ബസുകൾക്ക് തീയിടുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായി അധികൃതർ പറഞ്ഞു.
നൂറോളം സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും സമരക്കാരെ നേരിട്ടു. പ്രതിഷേധത്തെ അടിച്ചമർത്തുന്ന സ്വേച്ഛാധിപത്യ രീതിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി.എൻ.പി നേതാവ് അബ്ദുൽ മൊയ്തീൻ ഖാൻ പറഞ്ഞു. സമരക്കാരെ പൊലീസ് മർദിക്കുന്ന സി.സി.ടി.വി ദൃശ്യം അദ്ദേഹം പുറത്തുവിട്ടു.
2018ൽ അഴിമതി ആരോപിച്ച് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ജയിലിലടച്ചതിനുശേഷം പാർട്ടി അനുയായികൾ അനിശ്ചിതത്വത്തിലായിരുന്നു.
ജനകീയ പ്രശ്നങ്ങളിൽ പ്രക്ഷോഭങ്ങളും മറ്റുമായി ഇപ്പോൾ മുഖ്യധാരയിൽ സജീവമായി അവർ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. സർക്കാർ രാജിവെച്ച് കാവൽ മന്ത്രിസഭ രൂപവത്കരിക്കുകയും സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.