എയർ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതിയായ റിപുദാമൻ സിങ് മാലിക് കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: 1985ലെ എയർ ഇന്ത്യ ബോംബാക്രമണ കേസിൽ പ്രതിയായി പിന്നീട് കുറ്റവിമുക്തനായ റിപുദാമൻ സിങ് മാലിക് കൊല്ലപ്പെട്ടു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ അജ്ഞാതർ ദിപുദാമൻ സിങ് മാലിക്കിനെതിരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് തവണ അദ്ദേഹത്തിന്റെ കഴുത്തിന് നേരെ വെടിയുതിർത്തുവെന്നാണ് പൊലീസ് റിപ്പോർട്ട്.
വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വെടിവെപ്പ് ഉണ്ടായത്. റിപുദാമൻ സിങ്ങിനെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പാണിതെന്നും പൊലീസ് അറിയിച്ചു. മാലിക്, ഇന്ദ്രജീത് സിങ് റെയാത്, അജായിബ് സിങ് ബാഗ്രി എന്നിവർ എയർ ഇന്ത്യയുടെ ബോയിങ് 747 ബോംബാക്രമണ കേസിൽ കുറ്റാരോപിതരായിരുന്നു.
ഡൽഹിയിൽ നിന്നും മോൻട്രേയിലേക്ക് പോയ വിമാനത്തിലാണ് ബോംബാക്രമണമുണ്ടായത്. 1985 ജൂൺ 23ന് നടന്ന ആക്രമണത്തിൽ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടിരുന്നു. എന്നാൽ, കേസിലെ സാക്ഷി സംഭവത്തെ കുറിച്ച് കൃത്യമായി ഓർമയില്ലെന്ന് പറഞ്ഞതോടെ റിപുദാമൻ സിങ് കുറ്റവിമുക്തനാവുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സിഖ് സമൂഹത്തിന് മോദി നൽകുന്ന പിന്തുണക്ക് നന്ദിയറിച്ചായിരുന്നു കത്ത്. ആന്ധ്രപ്രദേശ്, ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തീർഥാടനത്തിനായും റിപുദാമൻ മാലിക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.