128 എം.പിമാരുടെ പിന്തുണ ഉറപ്പിച്ചു; സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഋഷി സുനക്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും അങ്കം കുറിച്ച് ഇന്ത്യൻ വംശജൻ ഋഷി സുനക്. 100 കൺസർവേറ്റീവ് എം.പിമാരുടെ പിന്തുണ ഉറപ്പിച്ച സുനക് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, മത്സരത്തിനിറങ്ങുമെന്ന് സൂചനയുള്ള മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ അവസാന റൗണ്ടിൽ ലിസ് ട്രസിനോട് കീഴടങ്ങിയ പെനി മോർഡന്റ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മറ്റൊരാൾ.
പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാൻ 100 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. ഋഷി സുനക് ഈ കടമ്പ നേരത്തെ കടന്നിരുന്നു. ഇതുവരെയായി 128 ടോറി എം.പിമാരുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. 100 കടമ്പ കടക്കാൻ ബോറിസ് ജോൺസന് ഇനിയും കൂടുതൽ പേരുടെ പിന്തുണ ആവശ്യമുണ്ട്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് ഋഷി സുനക് പ്രഖ്യാപിച്ചത്. ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചാൻസലറായിരിക്കെ മോശം ഘട്ടത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ തനിക്കായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ കുറച്ചുകൂടി വലുതാണ്. കൺസർവേറ്റീവ് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും രാജ്യത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ഋഷി സുനക് അവകാശപ്പെട്ടു.
പെന്നി മോർഡന്റ്, ഋഷി സുനക് എന്നിവർക്കൊപ്പം ബോറിസ് ജോൺസനും മത്സരത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്. ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനു പിന്നാലെ കരീബിയയിലെ അവധിക്കാല ആഘോഷങ്ങൾ നിർത്തിവച്ച് ബോറിസ് ബ്രിട്ടനിൽ തിരിച്ചെത്തിയിരുന്നു. ഇതിനുശേഷമാണ് സുനകുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
നാളെയാണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന ദിവസം. കാര്യങ്ങൾ വോട്ടെടുപ്പിലേക്ക് നീങ്ങിയാൽ ഈ മാസം 28ഓടെ പുതിയ പ്രധാനമന്ത്രിയെ അറിയാനാകും. 2024 ഡിസംബറിലാണ് ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.