730 മില്യൺ പൗണ്ടിന്‍റെ സമ്പത്ത്; ചാൾസ് രാജാവ് മൂന്നാമനേക്കാൾ ഇരട്ടി; ഋഷി സുനകിനും ഭാര്യക്കുമെതിരെ ഇന്ത്യൻ വംശജരായ എം.പിമാർ
text_fieldsബ്രിട്ടന്‍റെ ആദ്യ വെള്ളക്കാരനല്ലാത്ത, ക്രിസ്ത്യൻ വിശ്വാസിയല്ലാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യൻ വേരുകളുള്ള ഋഷി സുനക്. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട പ്രധാനമന്ത്രി പദമാണ് ആഴ്ചകൾക്ക് ശേഷം സുനകിനെ തേടിയെത്തിയത്. എന്നാൽ, സുനകിന്‍റെ പ്രധാനമന്ത്രി പദത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യൻ വംശജരായ ലേബർ പാർട്ടി എം.പിമാരും വിവിധ സംഘടനകളും.
ഋഷി സുനക്കിന്റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കുന്നതായി സിഖ് വംശജയായ ബ്രിട്ടീഷ് എം.പി പ്രീത് ഖൗർ ഗിൽ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്‍റെ ജനവിധിയെ ഗൗരവമായി ചോദ്യം ചെയ്യുന്നു, അദ്ദേഹത്തിന് അങ്ങനെയൊന്ന് ഇല്ല. എന്നിരുന്നാലും, ഇന്ത്യൻ/കിഴക്കൻ ആഫ്രിക്കൻ പൈതൃകമുള്ള ബ്രിട്ടന്‍റെ ആദ്യ പ്രധാനമന്ത്രിയെന്ന പ്രധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച കാര്യമായൊന്നും അദ്ദേഹം പറഞ്ഞില്ല. ബ്രിട്ടന്റെ ഭാവിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിയാൻ അർഹതയുണ്ട്, അതിനാൽ ഞങ്ങൾക്ക് ഒരു പൊതു തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഋഷി സുനക്കിനും ഭാര്യക്കും 730 മില്യൺ പൗണ്ടിന്‍റെ സമ്പത്തുണ്ടെന്നും ചാൾസ് രാജാവ് മൂന്നാമനേക്കാൾ ഇരട്ടിയാണിതെന്നും ഇന്ത്യൻ വംശജയും നോട്ടിങ്ഹാമിൽനിന്നുള്ള എം.പിയുമായ നാദിയ വിറ്റോം പറഞ്ഞു. 'കടുത്ത തീരുമാനങ്ങൾ' എടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് അതിന് വിലകൊടുക്കേണ്ടിവരികയെന്ന കാര്യം ഓർക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് വരും തലമുറകളെ കടത്തിലേക്ക് തള്ളിവിടില്ലെന്നും രാജ്യത്തെ ഒരുമിപ്പിക്കുമെന്നും സുനക് അധികാരമേറ്റെടുത്തശേഷം പ്രതികരിച്ചിരുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യം. കടുത്ത തീരുമാനങ്ങൾ വരുംനാളുകളിൽ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ എതിരാളി പെന്നി മോർഡൗണ്ടും പിന്മാറിയതോടെയാണ് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടി പരാജയപ്പെട്ടത്. എന്നാൽ സാമ്പത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് അധികാരത്തിലെത്തി നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.