റിയാദ് സീസൺ: 'ബ്ലാക്ക് ഹാറ്റ്' സൈബർ സുരക്ഷ പ്രദർശനമേള നവം. 15 മുതൽ
text_fieldsജിദ്ദ: ലോകത്തെ പ്രമുഖരായ സൈബർ സുരക്ഷ വിദഗ്ധർ ഒരുമിച്ചുകൂടുന്ന ആഗോള 'ബ്ലാക്ക് ഹാറ്റ്' ത്രിദിന പ്രദർശനമേള നവംബർ 15ന് റിയാദിൽ ആരംഭിക്കും. മധ്യപൂർവേഷ്യയിലെയും വടക്കെ ആഫ്രിക്കയിലെയും ഏറ്റവും വലിയ സൈബർ സുരക്ഷമേള ആയിരിക്കുമിത്. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി-പ്രോഗ്രാമിങ്-ഡ്രോൺ-ഇൻഫോർമ ടെക്കും ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റിയും സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
മൂന്നുദിവസം നീളുന്ന മേള റിയാദ് ഫ്രണ്ട് സെൻററിലാണ് നടക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 200ലധികം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൈബർ സുരക്ഷ മേഖലയിലെ ഏറ്റവും പ്രമുഖരായ വിദഗ്ധരെയും പ്രഭാഷകരെയും ഒരുമിച്ചുകൂട്ടുന്നതായിരിക്കും 'ബ്ലാക്ക് ഹാറ്റ്' മേള. നിരവധി സെഷനുകൾക്കും ശിൽപശാലകൾക്കും പുറമെ അംഗീകൃത സർട്ടിഫിക്കറ്റുകളുള്ള പ്രത്യേക പരിശീലന കോഴ്‌സുകളും മേളയിലുണ്ടാകും. നിരവധി മത്സരങ്ങൾക്കും വേദി സാക്ഷിയാകും. മത്സര വിജയികൾക്ക് 10 ലക്ഷം റിയാലിന്റെ സമ്മാനങ്ങൾ നൽകും.
സൈബർ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, വൈദഗ്ധ്യം, അനുഭവങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി സൈബർ സുരക്ഷ മേഖലയുടെ മേധാവികൾക്ക് മാത്രമായുള്ള എക്സിക്യൂട്ടിവ് ഉച്ചകോടി ഏരിയ, സാങ്കേതിക വർക്ക്ഷോപ് ഏരിയ, ആഗോള പ്രാദേശിക വിദഗ്ധരായ പ്രമുഖരും വളർന്നുവരുന്നതുമായ കമ്പനികളെയും ഒരുമിച്ച് കൊണ്ടുവരുന്ന ബിസിനസ് ഹാൾ ഏരിയ, ഡെവലപ്പർമാർ ഏറ്റവും പുതിയ ഓപൺ സോഴ്സ് ഹാക്കിങ് രീതികൾ പങ്കിടുന്ന ആഴ്സനൽ ഏരിയ, 50 പ്രഫഷനൽ പരിശീലകരുടെ പരിശീലന കോഴ്സുകൾക്കായുള്ള ഏരിയ എന്നിങ്ങനെ ഭാഗങ്ങളായി തിരിച്ചാണ് മേള നടക്കുക. നിയോം സ്പോൺസർ ചെയ്യുന്ന ബ്ലാക്ക് ഹാറ്റ് ഇവൻറ് ഏരിയയും മേളയിലുൾപ്പെടും.
35 രാജ്യങ്ങളിൽനിന്നുള്ള 200 ടീമുകളെ പ്രതിനിധാനംചെയ്ത് 1,000 മത്സരാർഥികൾ 'ക്യാപ്ച്ചർ ദി ഫ്ലാഗ്' എന്ന പ്രത്യേക മത്സരം ഉണ്ടാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ഏഴുലക്ഷം റിയാൽ സമ്മാനമായി വിതരണം ചെയ്യും. സൈബർ സുരക്ഷയിൽ ഊന്നിയ ആഗോള മേളയായ 'ബ്ലാക്ക് ഹാറ്റ്' 1997-ലാണ് ആരംഭിച്ചത്. വിവര സുരക്ഷ മേഖലക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള ഫോറങ്ങളിലൊന്നായും അതിൽ താൽപര്യമുള്ളവരുടെ ലക്ഷ്യസ്ഥാനമായും ഇത് കണക്കാക്കുന്നു.
ലോകത്തെ പല രാജ്യങ്ങളിലേക്കും ഇവൻറ് മാറുന്നതിനുമുമ്പ് വാർഷിക മേളയായി ആരംഭിച്ചത് 'ലാസ് വെഗാസിൽ' നിന്നാണ്. ആദ്യമായാണ് റിയാദിൽ മേള നടക്കാൻ പോകുന്നത്.അനുഭവങ്ങൾ കൈമാറുക, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ അവലോകനം ചെയ്യുക, സൈബർ കഴിവുകൾ വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.