'ഹാരി പോട്ടർ' താരം റോബീ കോൾട്രാൻ അന്തരിച്ചു
text_fieldsലണ്ടൻ: 'ഹാരി പോട്ടർ' സിനിമകളിലൂടെ ശ്രദ്ധേയനായ സ്കോട്ടിഷ് നടൻ റോബീ കോൾട്രാൻ അന്തരിച്ചു. 72 വയസ്സായിരുന്നു.
സ്കോട്ട്ലൻഡിലെ ഒരു ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു മരണമെന്ന് കോൾട്രാന്റെ ഏജന്റ് ബെലിന്ദ റൈറ്റ് സ്ഥിരീകരിച്ചു. എന്നാൽ, മരണകാരണം വ്യക്തമല്ല.
1990കളിലെ ത്രില്ലർ സീരിയലായ 'ക്രാക്കറി'ലൂടെയാണ് കോൾട്രാൻ പ്രശസ്തിയിലേക്ക് ഉയരുന്നത്. അതിലെ ഡിറ്റക്ടിവ് വേഷത്തിലൂടെ മൂന്നുതവണ അദ്ദേഹം ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം നേടി.
ഹാരി പോട്ടറിന്റെ മാർഗനിർദേശകനായ ഹാഗ്രിഡിന്റെ വേഷത്തിലും അദ്ദേഹം തിളങ്ങി. 2001നും 2011നുമിടയിൽ റിലീസ് ചെയ്ത എട്ട് ഹാരി പോട്ടർ സിനിമകളിലും കോൾട്രാന്റെ സാന്നിധ്യമുണ്ടായിരുന്നു.
ജെയിംസ് ബോണ്ട് ചിത്രങ്ങളായ 'ഗോൾഡൻ ഐ', 'ദ വേൾഡ് ഈസ് നോട്ട് ഇനഫ്' എന്നിവയിലെ റഷ്യൻ മാഫിയ തലവന്റെ വേഷവും ശ്രദ്ധേയമായി. റോണ ജെമ്മെൽ ആണ് ഭാര്യ. സ്പെൻസർ, ആലിസ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.