പശ്ചിമേഷ്യയിലെ യു.എസ് സേനയെ പിൻവലിക്കണമെന്ന് റോബർട്ട് എഫ്. കെന്നഡി ജൂനിയർ
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിലെ യു.എസ് സൈനികരെ പിൻവലിക്കണമെന്ന് റോബർട്ട് എഫ്. കെന്നഡി ജൂനിയർ. ജോർഡാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും സിറിയയിലും ഇറാഖിലും അമേരിക്ക ആക്രമണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുൻ യു.എസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ മരുമകൻ കൂടിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ആവശ്യം.
അമേരിക്കയുടെ സൗഹൃദപട്ടികയിലില്ലാത്ത പശ്ചിമേഷ്യയിലെ രാജ്യങ്ങളിൽ സൈനിക താവളങ്ങൾ തുടരുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. യു.എസ് ഭരണകൂടത്തിന്റെ നീക്കം കൂടുതൽ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും രാജ്യത്തിന്റെ പണം അനാവശ്യമായി ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ശിയാ സായുധ ഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള മേഖലയിൽ യു.എസ് സൈനികരെ നിർത്തിയിരുന്നില്ലെങ്കിൽ ഇപ്പോഴുള്ള ഏറ്റുമുട്ടലുകൾ ആവശ്യമായി വരില്ലായിരുന്നു. നമ്മുടെ സഖ്യകക്ഷികളെ ആക്രമിക്കുന്ന ഇറാനെ ചെറുക്കാൻ ഈ ചെറിയ ഔട്ട്‌പോസ്റ്റുകൾക്ക് കഴിയില്ല. പകരം, മേഖലയിലെ സുന്നി സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്” അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരിൽ സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്ക ഇന്ന് പുലർച്ചെ ആക്രമണം നടത്തിയിരുന്നു. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. യു.എസ് പോർവിമാനങ്ങൾ 125 ബോംബുകൾ വർഷിച്ചു. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.