മിഡിൽ ഈസ്റ്റ് റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക് അന്തരിച്ചു
text_fieldsലണ്ടൻ: മിഡിൽ ഈസ്റ്റ് റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക്(74) അന്തരിച്ചു. ദ ഇൻഡിപെൻഡൻറിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിെൻറ മിഡിൽ ഈസ്റ്റ് റിപ്പോർട്ടുകളെല്ലാം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
സർക്കാറിെൻറ ഔദ്യോഗിക അറിയിപ്പുകളെ നിരന്തരമായി ചോദ്യം ചെയ്യുകയും യാഥാർഥ്യം കണ്ടെത്തുകയും ചെയ്യുന്നതിൽ മിടുക്ക് കാണിച്ച മാധ്യമപ്രവർത്തകനായിരുന്നു ഫിസ്ക്. 1989ലാണ് അദ്ദേഹം ദ ടൈംസിൽ നിന്ന് ദ ഇൻഡിപെൻഡൻറിലെത്തുന്നത്. ഡബ്ലിനിൽ വെച്ച് മരിക്കുന്നത് വരെ അദ്ദേഹം ഇൻഡിപെൻഡൻറ് ലേഖകനായാണ് പ്രവർത്തിച്ചത്.
ദശാബ്ദങ്ങളായി ലെബനീസ് നഗരമായ ബെയ്റൂട്ടിലാണ് ഫിസ്ക് താമസിച്ചത്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിെൻറ സമയത്തുള്ള അദ്ദേഹത്തിെൻറ റിപ്പോർട്ടുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണി നേരിടുന്ന സന്ദർഭത്തിലാണ് അദ്ദേഹം ലെബനീസിൽ പ്രവർത്തിച്ചത്.
ഒസാമ ബിൻലാദനെ രണ്ട് തവണ അഭിമുഖം നടത്തിയിരുന്നു. യു.എസും യു.കെയും ഇറാഖിൽ അധിനിവേശം നടത്തിയ കാലത്ത് പാകിസ്താൻ, അഫ്ഗാനിസ്താൻ അതിർത്തികളിലേക്ക് അദ്ദേഹം യാത്രകൾ നടത്തി. ഒരിക്കൽ അദ്ദേഹത്തെ അഫ്ഗാനിസ്താൻ അഭയാർഥികൾ ആക്രമിക്കുകയും ചെയ്തു.
നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആംനസ്റ്റി ഇൻറർനാഷണലിെൻറ മാധ്യമ പുരസ്കാരവും ബ്രിട്ടീഷ് പ്രസ് അവാർഡും ഫിസ്കിന് ലഭിച്ചു. പിറ്റി ദ നാഷൻ: ലെബനൻ അറ്റ് വാർ, ദ ഗ്രേറ്റ് വാർ ഫോർ സിവിലൈസേഷൻ, ദ കോൺക്വസ്റ്റ് ഓഫ് ദ മിഡിൽ ഈസ്റ്റ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.