മ്യാന്മറിലേക്ക് മടങ്ങണമെന്ന് റോഹിങ്ക്യൻ അഭയാർഥികൾ; ബംഗ്ലാദേശിൽ കൂറ്റൻ റാലികൾ
text_fieldsധാക്ക: മ്യാന്മറിലെ വംശീയ പീഡനത്തിൽനിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികൾ തിരികെ മടങ്ങണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിൽ. ബംഗ്ലാദേശിലെ ദുരിതപൂർണമായ അഭയാർഥി ജീവിതം മതിയായെന്നും തങ്ങളെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് റോഹിങ്ക്യക്കാർ പലയിടത്തായി ഞായറാഴ്ച നിരത്തിലിറങ്ങി. 29 ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു റാലികൾ. എന്നുമെന്നും അഭയാർഥി ക്യാമ്പുകളിൽ തന്നെ കഴിയാൻ തങ്ങളില്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് റോഹിങ്ക്യൻ നേതാവ് സയ്യിദുല്ല പറഞ്ഞു. ഇത് അത്ര നല്ല അവസ്ഥയല്ല. നരകമാണിത്. ഞങ്ങൾക്ക് മതിയായി. നമുക്ക് മടങ്ങാം -അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശും മ്യാന്മറും തമ്മിൽ കഴിഞ്ഞയാഴ്ച നടന്ന വിദേശകാര്യ സെക്രട്ടറിതല യോഗത്തിന്റെ പശ്ചാത്തലത്തിലാണ് റാലികൾ എന്നത് ശ്രദ്ധേയമാണ്. അഭയാർഥികളെ തിരിച്ചയക്കുന്ന വിഷയം യോഗത്തിൽ ചർച്ചയായെന്നാണ് സൂചന. ഇപ്പോഴത്തെ മഴക്കാലം കഴിഞ്ഞാലുടൻ പരിമിതമായ തോതിൽ തിരിച്ചയക്കൽ നടപടികൾ തുടങ്ങുമെന്ന് ബംഗ്ലാദേശ് വൃത്തങ്ങൾ വ്യക്തമാക്കി. അഭയാർഥികളെ തിരിച്ചയക്കാൻ കഴിഞ്ഞവർഷങ്ങളിൽ നടന്ന നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു. തങ്ങൾ വസിച്ചിരുന്ന ഗ്രാമങ്ങളിലേക്ക് തന്നെ മടങ്ങണമെന്നും മ്യാന്മർ സർക്കാർ സ്ഥാപിച്ച ക്യാമ്പുകളിലേക്ക് പോകില്ലെന്നുമാണ് അഭയാർഥികളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.