അബദ്ധത്തിൽ അക്കൗണ്ടിൽ കയറിയത് 7.7 കോടി; ഒരുവർഷത്തിന് ശേഷം 'ഉടമ'യെ കണ്ടെത്തി
text_fieldsലണ്ടൻ: തന്‍റെ ബാങ്ക് അക്കൗണ്ടിൽ അബദ്ധത്തിൽ നിക്ഷേപിക്കപ്പെട്ട 7,74,839 പൗണ്ട് (7.7 കോടി രൂപ) കാരണം ഒരുവർഷം തന്‍റെ ഉറക്കം നഷ്ടപ്പെട്ട കഥ വിവരിക്കുകയാണ് ഒരു ബ്രിട്ടീഷ് സ്ത്രീ. 'അതിശയകരം, അവിശ്വസനീയം, പേടിസ്വപ്നം'-എന്നിങ്ങനെയാണ് സംഭവത്തെ സ്ത്രീ വിശേഷിപ്പിക്കുന്നത്. ഹെർ മജസ്റ്റീസ് റെവന്യു ആൻഡ് കസ്റ്റംസ് (എച്ച്.എം.ആർ.സി) ആണ് അബദ്ധത്തിൽ പണം മാറി നിക്ഷേപിച്ചതെന്ന് 'ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിനിടെയാണ് അഞ്ച് വയസുകാരന്‍റെ മാതാവ് അക്കൗണ്ടിൽ ഭീമൻ തുക നിക്ഷേപിക്കപ്പെട്ടതായി അറിഞ്ഞത്. സംഭവം നടന്ന് 15 മാസത്തിലേറെ കാലം കഴിഞ്ഞ ശേഷം പ്രശ്നം പരിഹാരത്തിനായി അവർ പ്രസിദ്ധീകരണത്തെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് എച്ച്.എം.ആർ.സിയുടെ ഭാഗത്ത് നിന്നാണ് പിശകുണ്ടായതെന്ന് കണ്ടെത്തിയത്.
'ഇത് ഒരു ഹോളിവുഡ് സിനിമ പോലെയാണ്. ഞെട്ടലിൽ നിന്ന് മുക്തി നേടിയ ശേഷം അബദ്ധം പറ്റിയെന്ന് മനസ്സിലാക്കുമെന്നും അവർ വേഗത്തിൽ പണം തിരികെ എടുക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. പണം എന്‍റെ അക്കൗണ്ടിൽ തന്നെ ഇരുന്നു'-സ്ത്രീ ഗാർഡിയനോട് പറഞ്ഞു.
പ്രശ്നം എന്തെന്നാൽ ആ തുകയിൽ നിന്ന് 20000 പൗണ്ട് അവർ ചിലവാക്കി. ഇപ്പോൾ തുക തിരിച്ചടക്കാനുള്ള അവസ്ഥയിലല്ലെന്ന് അവർ വ്യക്തമാക്കി.
സ്ത്രീക്ക് 23.39 പൗണ്ട് പാഴ്സൽ കസ്റ്റംസ് ഡ്യൂട്ടി റിബേറ്റ് നൽകാനുള്ള ശ്രമത്തിനിടെയാണ് എച്ച്.എം.ആർ.സി ജീവനക്കാരന് പിഴവ് പറ്റിയതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 2020 നവംബറിൽ നികുതി അടക്കുേമ്പാഴും എച്ച്.എം.ആർ.സിക്ക് പിഴവ് കണ്ടെത്താൻ സാധിച്ചില്ല.
അക്കൗണ്ടിൽ മാത്രമായി നിക്ഷേപിക്കപ്പെട്ടതിനാൽ സംഭവം കണ്ടെത്താൻ സാധ്യത നന്നേ കുറവായിരുന്നു. എന്നാൽ സ്ത്രീ ഇക്കാര്യം പുറത്തുപറഞ്ഞത് ആശ്വാസമായി. ക്ഷമാപണം നടത്തിയ എച്ച്.എം.ആർ.സി പണം തിരികെ എടുക്കാൻ ശ്രമം തുടങ്ങിയതായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.