റഷ്യയും പാശ്ചാത്യ രാജ്യങ്ങളും ഏറ്റുമുട്ടലിലേക്ക്; ആറ് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി
text_fieldsമോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടലിലേക്ക്. ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ആറ് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയം നിയോഗിച്ച ഉദ്യോഗസ്ഥർ റഷ്യയെ തന്ത്രപരമായി പരാജയപ്പെടുത്താനുള്ള പദ്ധതിയിലായിരുന്നെന്നും രഹസ്യ വിവര ശേഖരണത്തിലും അട്ടിമറി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നതായും ചാരസംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവിസ് (എസ്.എഫ്.ബി) ആരോപിച്ചു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബ്രിട്ടന്റെ സൗഹൃദപരമല്ലാത്ത നടപടികൾക്ക് മറുപടിയായി നയതന്ത്രജ്ഞരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്താക്കുകയായിരുന്നെന്നും എസ്.എഫ്.ബി വ്യക്തമാക്കി.
എസ്.എഫ്.ബിയുടെ വിലയിരുത്തലുകൾ പൂർണമായും അംഗീകരിക്കുന്നതായും ബ്രിട്ടീഷ് നയതന്ത്രജ്ഞർ റഷ്യക്കെതിരെ അട്ടിമറിശ്രമം നടത്തുകയായിരുന്നെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകണമെന്ന ആവശ്യം യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും ചർച്ച ചെയ്യാനിരിക്കെയാണ് പുറത്താക്കൽ നീക്കം.
അതേസമയം, റഷ്യയുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് കെയിർ സ്റ്റാർമർ പറഞ്ഞു. യുക്രെയ്നിൽ നിയമവിരുദ്ധമായി കടന്നുകയറി യുദ്ധം തുടങ്ങിയത് റഷ്യയാണ്. അവർതന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.