സപോറിഷ്യ: ഷെല്ലാക്രമണം നടത്തിയതായി പരസ്പരം പഴിചാരി റഷ്യയും യുക്രെയ്നും
text_fieldsകിയവ്: സപോറിഷ്യ ആണവനിലയത്തിൽനിന്ന് വികിരണ ചോർച്ച സാധ്യതയെക്കുറിച്ച ആശങ്ക നിലനിൽക്കുന്നതിനിടെ സമീപം ഷെല്ലാക്രമണം നടത്തിയതായി പരസ്പരം പഴിചാരി റഷ്യയും യുക്രെയ്നും. നിലയത്തിന് സമീപം റഷ്യ മിസൈൽ, ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്ൻ ആരോപിച്ചപ്പോൾ യുക്രെയ്ൻ സൈന്യം വെടിയുതിർത്തതായും ആണവ ഇന്ധനം സൂക്ഷിച്ച കെട്ടിടത്തിൽ ഷെല്ലാക്രമണം നടത്തിയതായും റഷ്യ തിരിച്ചടിച്ചു.
ഗ്രാഡ് മിസൈലുകളും പീരങ്കി ഷെല്ലുകളും നിക്കോപോൾ, മർഹാനെറ്റ്സ് നഗരങ്ങളിൽ പതിച്ചതായി യുക്രെയ്നിലെ ഡിനിപ്രോ പെട്രോവ്സ്ക് മേഖലയുടെ ഗവർണർ വാലന്റൈൻ റെസ്നിചെങ്കോ ശനിയാഴ്ച പറഞ്ഞു.
പ്ലാന്റിൽ നിന്ന് 10 കിലോമീറ്റർ അകലെയും ഡൈനിപ്പർ നദിക്ക് കുറുകെയും സ്ഥിതിചെയ്യുന്നതാണ് ഈ നഗരങ്ങൾ. എന്നാൽ യുക്രെയ്നിയൻ സൈന്യം മർഹാനെറ്റിൽ നിന്ന് പ്ലാന്റിന് നേരെ വെടിയുതിർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
കഴിഞ്ഞദിവസം 17 യുക്രെയ്നിയൻ ഷെല്ലുകൾ പ്ലാന്റിൽ പതിക്കുകയും നാലെണ്ണം ആണവ ഇന്ധനം സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇടിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഷെല്ലാക്രമണം നിലയത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി യുക്രെയ്ൻ ആണവോർജ കമ്പനി എനർഗോട്ടം ശനിയാഴ്ച പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.