യുക്രെയ്ൻ: സമാധാന ചർച്ച തുടരുന്നു, അനുരഞ്ജന സാധ്യത
text_fieldsകിയവ്: 21 ദിവസം പിന്നിട്ട റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാധാന ചർച്ച തുടരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്നും അനുരഞ്ജന സാധ്യതയുണ്ടെന്നുമാണ് യുക്രെയ്ൻ അധികൃതരുടെ പ്രതികരണം. ഇത്തവണ യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന നിർദേശങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
ചർച്ചയിൽ പ്രതീക്ഷയുള്ളതായും ചില വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിച്ചതായും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും അറിയിച്ചു. പരസ്പരവിരുദ്ധമായ ചില കാര്യങ്ങളുണ്ടെങ്കിലും അനുരഞ്ജനത്തിനു സാധ്യതയുണ്ടെന്ന് യുക്രെയ്ൻ നെഗോഷ്യേറ്റർ മിഖൈലോ പോദോലിയാക് വ്യക്തമാക്കി.
അതിനിടെ, യുക്രെയ്ന് പിന്തുണ അറിയിച്ച് പോളണ്ട്, ചെക് റിപ്പബ്ലിക്, സ്ലൊവാനിയ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ കിയവിലെത്തി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. പിന്തുണക്ക് നന്ദിയുമായി സെലൻസ്കി യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു.
സമാധാന ചർച്ചകൾക്കിടയിലും റഷ്യൻ ആക്രമണത്തിന് അയവില്ല. ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരാൾ മരിച്ചു. രണ്ട് അപാർട്മെന്റ് കെട്ടിടങ്ങളും തകർന്നു. ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരി നിന്നവർക്കെതിരെ റഷ്യൻ സൈന്യം വെടിയുതിർത്തു. ആക്രമണത്തിൽ 10 പേർ മരിച്ചു. റഷ്യൻ സൈനിക ജനറൽ ഒളേഗ് മിത്യയീവിനെ വധിച്ചതായും യുക്രെയ്ൻ അവകാശപ്പെട്ടു. മൂന്ന് റഷ്യൻ വിമാനങ്ങളും മൂന്ന് ഡ്രോണുകളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമപ്രതിരോധ വിഭാഗം അറിയിച്ചു.
യുദ്ധത്തിൽ 103 കുട്ടികളുടെ ജീവൻ നഷ്ടമായി. 400ലേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ റഷ്യ ബോംബിട്ട് തകർത്തു. പ്രതിസന്ധി ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യൂറോപ് സന്ദർശിക്കും. അതിനിടെ, റഷ്യ ആക്രമണം നിർത്തണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.