രണ്ടാമത്തെ കോവിഡ് വാക്സിനുമായി റഷ്യ; മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കാതെ അംഗീകാരം
text_fieldsമോസ്കോ: റഷ്യ തങ്ങളുടെ രണ്ടാമത്തെ കോവിഡ് 19 പ്രതിരോധ വാക്സിനും അംഗീകാരം നൽകി. മാസങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞ സ്പുട്നിക് വിക്ക് ശേഷം 'എപിവാക് കൊറോണ' എന്ന വാക്സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ന് നടന്ന സർക്കാർ യോഗത്തിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെൻററുകളിൽ ഒന്നായ സൈബീരിയയിലെ വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 'എപിവാക് കൊറോണ' സ്പുട്നിക്കിൽ നിന്നും ഏറെ വെത്യസ്തമാണെന്നാണ് അവകാശവാദം. 40 വർഷമായി പ്രവർത്തിക്കുന്ന അവർക്ക് എബോളയുൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ വിജയകരമായി വികസിപ്പിച്ച ചരിത്രവുമുണ്ട്.
ഓരോ വോളൻറിയർമാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകൾ വീതമാണ് കുത്തിവെച്ചത്. മാർച്ചിൽ തന്നെ കോവിഡ് വാക്സിനായുള്ള പ്രവർത്തനങ്ങൾ വെക്ടർ ഇൻസ്റ്റിറ്റ്യട്ടിൽ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 14 പേർക്കും രണ്ടാം ഘട്ടത്തിൽ 43 പേർക്കും അവർ വാക്സിൻ നൽകുകയും ചെയ്തു. ഫലം ഇതുവരെ അവർ പുറത്തുവിട്ടിട്ടില്ല. മനുഷ്യരിലെ മൂന്നാംഘട്ട ട്രയൽ പൂർത്തിയാക്കാതെയാണ് എപിവാക് കൊറോണ വാക്സിനും അംഗീകാരം നൽകിയിരിക്കുന്നത്. നേരത്തെ സ്പുട്നിക് വി-ക്കും ഇത്തരത്തിൽ അംഗീകാരം നൽകിയിരുന്നു. അതേസമയം, 30000 പേരെ പെങ്കടുപ്പിച്ചുകൊണ്ടുള്ള മൂന്നാം ഘട്ട ട്രയൽ ഉടൻ നടക്കുമെന്നും സൂചനയുണ്ട്.
എപിവാക് കൊറോണയുടെ ഉത്പാദനം ഇൗ വർഷാവസാനം തുടങ്ങിയേക്കും. രണ്ട് വാക്സിനുകളുടെയും നിർമാണം വർധിപ്പിക്കേണ്ടതുണ്ടെന്ന് പുടിൻ ഇന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. തങ്ങളുടെ വിദേശ പങ്കാളികളുമായുള്ള സഹകരണം ഇപ്പോഴും തുടരുന്നുണ്ടെന്നും റഷ്യ നിർമിച്ച വാക്സിൻ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.